തിരുവനന്തപുരം∙ ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പരാമർശം നടത്തിയ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മന്ത്രി ജി.ആര്‍.അനില്‍. ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണ് സി.ദിവാകരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു ജി.ആര്‍.അനില്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പോലും പാടില്ലാത്ത അനവസരത്തിലുള്ള പ്രതികരണമായിപ്പോയി അത്. കാരണവന്മാര്‍ക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വാഭാവരീതികളാണത്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്ത് വലിയ പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍. മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് അവരില്‍നിന്ന് ഉണ്ടാകേണ്ടത്. അതില്ലാത്ത ആളുകള്‍ക്ക് ആ വാക്കിന്റെ അര്‍ഥത്തിന് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിയും ജനങ്ങളും നല്‍കുന്നുണ്ടോ എന്നു നോക്കണമെന്നും അനില്‍ പറഞ്ഞു.
ദിവാകരന്റെ പ്രസ്തവനയ്‌ക്കെതിരെ സിപിഐക്കുള്ളില്‍ വലിയ അതൃപ്തിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ നയിക്കാന്‍ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം മുതിര്‍ന്ന സിപിഐ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്തു മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഊണു കഴിക്കാന്‍ പോയെന്നും ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്നും ആയിരുന്നു സി.ദിവാകരന്റെ പ്രസ്താവന. ഇതു സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ ആനത്തലവട്ടം ആനന്ദന്റെ മകനും സിപിഎം നേതാക്കളും ഉള്‍പ്പെടെ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.














































