കോഴിക്കോട്: കേരളക്കരയ്ക്ക് അഭിമാന നിമിഷം. സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ച പരിമിതിയെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കോഴിക്കോടുകാരൻ സിവിൽ സർവ്വീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് ഇക്കുറി 109ാം റാങ്ക് കരസ്ഥമാക്കിയത്.
കോളേജിൽ പഠിക്കുമ്പോഴാണ് അജയ്‌യുടെ ഉള്ളിൽ സിവിൽ സർവ്വീസ് എന്ന ആഗ്രഹം മുളപൊട്ടിയത്. പിന്നീട് ആ സ്വപ്നം എങ്ങനെയും കൈപിടിയിലാക്കാൻ ആവേശമായി. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ഇംഗ്ലീഷായിരുന്നു വിഷയം. തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് എന്ന അക്കാദമിയിലാണ് അജയ് യു പി എസ് സി കോച്ചിങ് നടത്തിയത്.
അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ സർവ്വീസ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ശ്രമങ്ങൾക്ക് കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ലെന്നും പിന്നീട് നടത്തിയ മൂന്ന് ശ്രമങ്ങളിലാണ് ഫോക്കസ് നൽകിയതെന്നും കൂടുതൽ പ്രധാന്യം നൽകിയതെന്നും അജയ് പറഞ്ഞു. കോച്ചിങ് അക്കാദമി ഒരുക്കിയ പഠാനാന്തരീക്ഷം ഈ വിജയത്തിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളിൽ തുടങ്ങി മൂല്യനിർണയം വരെയുള്ള എല്ലാ കാര്യങ്ങളിലും അക്കാദമി ഏറെ സഹായകമായി. അക്കാദമിയിൽ നിന്നുള്ളവരുടെ പിന്തുണ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ തവണ 730ാമത് റാങ്ക് ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വീണ്ടും റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ആ സമയത്ത് അനുഭവിച്ചിരുന്ന എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ ഫലമുണ്ടായിരിക്കുകയാണെന്നും അജയ് പറയുന്നു.
കോച്ചിങ് അക്കാദമിയിൽ നിന്ന് നൽകിയിരുന്ന ഷെഡ്യൂൾ അനുസരിച്ചാണ് പഠിച്ചിരുന്നത്. അവിടെ നിന്നുള്ള എല്ലാ പരീക്ഷകളും എഴുതുക തുടങ്ങി എല്ലാം കൃത്യമായി പിന്തുടർന്നു. ഐഎഎസ് ആണ് കൂടുതൽ താൽപര്യം. വീട്ടിലെല്ലാവരും വളരെ സന്തോഷത്തിലാണെന്നും എന്റെ പ്രയത്നത്തിന് പുറമേ ഒരുപാട് പേരുടെ പിന്തുണയും ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതത്തിൽ ഒരാളെ മാത്രമായി ഒരിക്കലും മാതൃകയാക്കിയിട്ടില്ലെന്ന് അജയ് പറയുന്നു. ജീവിതത്തിൽ എപ്പോഴും ഒരു പ്രിൻസിപ്പൾ ഫോളോ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുക. പരാജയപ്പെട്ടാലും വീണ്ടും പരിശ്രമിക്കുക. സഹോദരനാണ് ഏറ്റവും കൂടുതലും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നത്. അദ്ദേഹമാണ് എന്റെ വഴികാട്ടി. സുഹൃത്തുക്കളും പ്രചോദനമാണ്. ആദ്യം കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. യു പി എസ് സി ഇന്റർവ്യൂവിൽ ആ ഒരു പരിചയം വളരെ പ്രയോജനമായി. നമ്മുടെ വ്യക്തിത്വത്തെ എക്സ്പോസ് ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. അജയ് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.

















































