ന്യൂഡൽഹി: കൃത്യത കൊണ്ടും പ്രഹരശേഷികൊണ്ടും ലോക ചരിത്രത്തിന്റെ ഭാഗമാകുന്ന ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂറെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ്. പാക്കിസ്ഥാന്റെ തട്ടകത്തിൽ 300 കിലോമീറ്റർ ഉള്ളിൽ കയറിച്ചെന്ന് ഇന്ത്യ അവരെ ആക്രമിച്ചു. പാക്കിസ്ഥാന്റെ എഫ്–16, എഫ്–17 ഉൾപ്പെടെ 10 യുദ്ധവിമാനങ്ങൾ തകർത്തു. ഒടുവിൽ പാക്കിസ്ഥാൻ ഇന്ത്യയോടു വെടിനിർത്തലിന് അഭ്യർഥിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്റെ കരുത്ത് എന്നാണെന്നു ലോകം കണ്ടു ഓപ്പറേഷൻ സിന്ദൂറിനിടെ. ദീർഘദൂര സർഫേസ് ടു എയർ മിസൈലുകളാണ് നമുക്ക് നിർണായകമായത്. പാക്കിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിൽ വരെ ലക്ഷ്യം കാണാൻ നമുക്കായി. കൃത്യതയോടെ ആക്രമിച്ചു. പാക്കിസ്ഥാന്റെ തിരിച്ചുള്ള ആക്രമണത്തിൽ നിസാര പരുക്കുകൾ മാത്രമാണ് നമുക്കുണ്ടായത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഒറ്റ ദിവസം കൊണ്ട് പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു. അവർ ആക്രമണം നിർത്താൻ നമ്മളോട് അപേക്ഷിച്ചു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ വാദം പാക്ക് ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്.
മാത്രമല്ല പാക്കിസ്ഥാന്റെ ഒട്ടേറെ വ്യോമ കേന്ദ്രങ്ങളും ഓപ്പറേഷൻ സിന്ദൂറിലൂടെ ആക്രമിച്ചു. നാലു കേന്ദ്രങ്ങളിലെ റഡാറുകൾ, രണ്ടു കേന്ദ്രങ്ങളിലെ കമാൻഡ് സെന്ററുകൾ, രണ്ടു കേന്ദ്രങ്ങളിലെ റൺവേകൾ, മൂന്നു കേന്ദ്രങ്ങളിലെ യുദ്ധവിമാന ഹാങ്ങറുകൾ എന്നിവ തകർത്തു. ഒരു സി–130 വിമാനം, എഫ്–16 ഉൾപ്പെടെ ഹാങ്ങറിലെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ തകർത്തു. ഇതോടൊപ്പം അവരുടെ വ്യോമപ്രതിരോധ സംവിധാനവും തകർത്തു. സ്വന്തം അതിർത്തിക്കുള്ളിൽ നിശ്ചിത ദൂരപരിധിക്കുള്ളിൽ പോലും പ്രവർത്തിക്കാനാകില്ലെന്ന് അവർക്ക് വ്യക്തമായിട്ടുണ്ട്. 300 കിലോമീറ്റർ ഉള്ളിലുള്ള ലക്ഷ്യമാണ് നമ്മൾ നേടിയത്. ഇത് അവരുടെ പ്രവൃത്തികളെ സാരമായി ബാധിച്ചു’’–വ്യോമസേന മേധാവി വിവരിച്ചു.