ഇംഫാൽ: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മണിപ്പുരിൽ ബിജെപി അംഗങ്ങൾ കൂട്ടമായി രാജിവച്ചൊഴിഞ്ഞു. മണിപ്പുരിലെ ഉഖ്രുൽ ജില്ലയിലെ ഫുൻഗ്യർ മണ്ഡലത്തിലുള്ള 43 ബിജെപി അംഗങ്ങളാണ് വ്യാഴാഴ്ച രാജിവെച്ചതെന്ന് ഒരു പാർട്ടി ഭാരവാഹി പുറത്തുവിട്ടു.
രാജി വച്ചവരിൽ നാഗാ ഭൂരിപക്ഷ ജില്ലയിലെ പാർട്ടിയുടെ ഫുൻഗ്യർ മണ്ഡലത്തിൽ നിന്ന് മണ്ഡലം പ്രസിഡന്റ്, മഹിളാ, യുവ, കിസാൻ മോർച്ചകളുടെ തലവന്മാരും, മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരും ഉൾപ്പെടുന്നു. രാജിവെച്ച നേതാക്കൾ നൽകിയ പ്രസ്താവന എന്ന തരത്തിൽ പ്രചരിക്കുന്ന കുറിപ്പിൽ, പാർട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയിൽ തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് പ്രവർത്തകർ പറയുന്നു. കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉൾക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ് എന്നീ കാരണങ്ങളെല്ലാം രാജിവെക്കുന്നതിലേക്ക് നയിച്ചു എന്നും പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘പാർട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള ഞങ്ങളുടെ കൂറ് എപ്പോഴും അചഞ്ചലമായിരുന്നു. ഞങ്ങളുടെ സമൂഹത്തിന്റെയും മണിപ്പുരിലെ ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുന്നു.’ എന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം 2023-ലെ വംശീയ കലാപത്തിനു ശേഷം മണിപ്പുരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദർശനമാണ് ശനിയാഴ്ച നടക്കുന്നത്. കലാപം 260-ൽ അധികം പേരുടെ ജീവനെടുക്കുകയും ആയിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പുരിൽ എത്താനാണ് സാധ്യതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് കേന്ദ്രം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.