ന്യൂഡൽഹി; ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് നദികളിലൂടെ ഒഴുക്കിയിരുന്ന അധിക ജലം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി കേന്ദ്രം. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സിന്ധു ജല ഉടമ്പടിയിൽനിന്നും ഇന്ത്യ ഏകപക്ഷീയമായി പിൻവാങ്ങിയതിനു പുറമേ രവി നദിയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള അധിക ജലത്തിന്റെ ഒഴുക്ക് തടയാനും ഇന്ത്യ ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകൾ. വേനൽക്കാലം അടുത്തുവരുന്ന സമയമായതിനാൽ ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
പഞ്ചാബ് -ജമ്മു കശ്മീർ അതിർത്തിയിലുള്ള ഷാഹ്പുർകാണ്ടി അണക്കെട്ടിന്റെ സഹായത്തോടെ പഞ്ചാബിൽനിന്നും വരുന്ന രവി നദിയിലെ ഒഴുക്കു നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിയും. മാർച്ച് 31നകം അണക്കെട്ടിന്റെ നിർമാണ ജോലികൾ പൂർത്തീകരിക്കാനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇവിടെ അധികമായി ശേഖരിക്കുന്ന ജലം വരൾച്ച ബാധിത ജില്ലകളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടാനാണ്
തീരുമാനം.
നിലവിൽ രവി നദിയിൽനിന്നും പാക്കിസ്ഥാനു കരാർ പ്രകാരം ഇന്ത്യ നൽകേണ്ടാത്ത അധിക ജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നുണ്ട്. എന്നാൽ അണക്കെട്ടിന്റെ പ്രവർത്തനം പൂർണമാകുന്നതോടെ ഈ ജലം കനാലുകൾ വഴി പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും തിരിച്ചുവിടും. 1979ലാണ് ഷാഹ്പുർകാണ്ടി അണക്കെട്ട് പദ്ധതി ഇന്ത്യ ആരംഭിക്കുന്നത്. 1982 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. എന്നാൽ നിർമാണ പ്രവൃത്തികൾ തുടർന്ന് മുടങ്ങി. 2008ലാണ് വീണ്ടും പദ്ധതി തുടങ്ങിയത്. 55.5 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിന്റെ നിർമാണത്തിനു 3,394.49 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. പഞ്ചാബിലെ 5,000 ഹെക്ടറിലും ജമ്മു കശ്മീരിലെ 32,173 ഹെക്ടറിലധികം സ്ഥലത്തും ഈ പദ്ധതിയിലൂടെ ജലം എത്തിക്കാനാവും.
















































