തിരുവനന്തപുരം: എന്നും നിശ്ശബ്ദനായി നടന്നുപോകുന്നയാൾ, അത്രയും അടുപ്പമുള്ളവരെ കണ്ടാൽ ഒന്നു കൈവീശി കാണിക്കും അത്രമാത്രം. എന്നാൽ ആ നിശബ്ദനായ ചെറുപ്പക്കാരനിലെ കൊലയാളിയെ നാട്ടുകാർ തിരിച്ചറിയുന്നത് കഴിഞ്ഞ ദിവസം മാത്രം. അധികം സംസാരിക്കാത്തയാളായിരുന്നു അഫാൻ. അതുപോലെ തന്നെ നിശബ്ദമായിരുന്നു ആ അഞ്ച് അരുംകൊലകളും. കൊലയാളി തന്നെ സ്വയം വെളിപ്പെടുത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊലകളുടെ ശബ്ദം പുറംലോകമറിഞ്ഞത്. പാണാവൂരിലെ കോളേജിൽ ബികോം പാതിവഴിയിൽ നിർത്തിയ അഫാനു സുഹൃത്തുക്കൾ വിരളമാണ്. മാതാവ് ഷെമിയുടെ നാടാണു പേരുമല. അവിടെ സ്ഥലം വാങ്ങി 10 വർഷം മുൻപാണു കുടുംബം വീട് വച്ച് താമസമാരംഭിച്ചത്.
കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാൻ ആദ്യമായി ഈ ശ്രമം നടത്തുന്നത് 8 വർഷം മുൻപാണ്. ആവശ്യപ്പെട്ട മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതോടെയായിരുന്നു ഇത്. ആശുപത്രിയിലെത്തിച്ചാണു രക്ഷപ്പെടുത്തിയത്.
പുതിയ മൊബൈൽ ഫോൺ വാങ്ങുന്നതിലും ബൈക്കിൽ കറങ്ങി നടക്കുന്നതിലുമായിരുന്നു അഫാനു താൽപര്യം. ഏഴുവർഷമായി നാട്ടിൽ വരാൻ പോലും കഴിയാത്ത സാമ്പത്തിക ബാധ്യത പിതാവ് അബ്ദുൽ റഹീമിനുണ്ടായിരുന്നെങ്കിലും ആഡംബരജീവിതത്തിൽ അഫാൻ ഒരു കുറവും വരുത്തിയില്ല. ഒടുവിൽ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത് ആറുമാസം മുൻപാണ്. രാത്രിയിലായിരുന്നു അധികവും ബൈക്ക് യാത്രകൾ. അയൽക്കാരുമായുള്ള ബന്ധം ഒരു കൈവീശലിൽ ഒതുങ്ങും. പഠനം നിർത്തിയപ്പോൾ പിതാവിനെ ഗൾഫിലെ ബിസിനസിൽ സഹായിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ബിസിനസ് തകർന്നതോടെ ആ വഴിയുമടഞ്ഞു. സ്വന്തമായി വരുമാനമാർഗമില്ലാത്തതിന്റെ നിരാശ അഫാനുണ്ടായിരുന്നു.
അതേസമയം ആദ്യത്തെ മൂന്ന് കൊലപാതകത്തിനു ശേഷം മദ്യം കഴിച്ച് വിശ്രമിച്ച ശേഷമായിരുന്നു അടുത്ത രണ്ട് കൊലപാതകങ്ങളും നടത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാൻറെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പോലീസ് വ്യക്തമാക്കി. പരുക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാൻറെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്.