തിരുവനന്തപുരം: സെൻട്രൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവൻ തിരിച്ചു കിട്ടിയാലും അഫാൻ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കൽ കോളേജ് അധികൃതർ. നിലവിൽ വെന്റിലേറ്ററിലാണ് അഫാനുള്ളത്. അതേസമയം ഇന്നലെ ഡോക്ടർമാർ അഫാന്റെ പേര് വിളിച്ചപ്പോൾ കണ്ണുകൾ നേരിയ രീതിയിൽ അനങ്ങിയതായി അധികൃതർ പറഞ്ഞു. ഇതു ചെറുതായി തിരിച്ചറിയുന്ന ലക്ഷണമാണിത്. എന്നാലും പൂർണമായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പറയാനാകില്ല.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ടോയ്ലെറ്റിൽ മുണ്ടുപയോഗിച്ച് അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം വളരെയധികം നിലച്ചിട്ടുണ്ട്. രക്തയോട്ടം പോരാതെ കോശങ്ങളും നശിച്ചിട്ടുണ്ട്. ഇതുമൂലം തലച്ചോറിൽ വലിയ രീതിയിൽ ക്ഷതമേൽക്കാം. കൃത്യമായ ഇടവേളകളിൽ എം.ആർ.ഐ സ്‌കാനുകൾ എടുത്ത് പരിശോധിച്ചാൽ മാത്രമേ എത്രമാത്രം ക്ഷതം തലച്ചോറിൽ സംഭവിച്ചെന്ന് അറിയാൻ സാധിക്കൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ ചികിത്സ. മരുന്നിനോടും നേരിയ പ്രതികരണമാണ് ശരീരം കാണിക്കുന്നത്.
അതേസമയം അഫാന്റെ തിരിച്ചുവരവിനെപ്പറ്റി ഉറപ്പിച്ച് ഒന്നും പറയാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. അഫാന്റെ ശരീരത്തിന്റെ ഭാരം കാരണം തൂങ്ങിയപ്പോൾത്തന്നെ നല്ല രീതിയിൽ കഴുത്തിലെ കെട്ട് മുറുകിയിരുന്നതായാണ് നിഗമനം. പൂജപ്പുര സെൻട്രൽ ജയിലിലെ അതീവസുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. ടി.വി കാണാനായി പുറത്തിറക്കിയപ്പോൾ ടോയ്ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. നിമിഷനേരംകൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു.
ഇതിനിടെ അഫാന്റെ അഭിഭാഷകൻ സജു മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടിരുന്നു. ഗുരുതരമായ സ്ഥിതിതന്നെയാണെന്ന് ഡോക്ടർമാർ വിവരിച്ചു. അഫാനെ കാണാനും അനുവദിച്ചു. ആത്മഹത്യാശ്രമത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു.