ചെന്നൈ: പ്രശസ്ത ഹാസ്യ നടൻ വടിവേലുവിനെതിരെ തുറന്നുപറച്ചിലുമായ് നടി സോന ഹെയ്ഡൻ. വടിവേലുവിനൊപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. അതിന് വ്യക്തമായ കാരണമുണ്ടെന്നും , എല്ലാമൊന്നും അതേപടി പുറത്തുപറയാനാവില്ലയെന്നും നടി പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്.
ഒരു അഭിമുഖത്തിനിടെയാണ് സോന ഈ വിവാദപരമായ പ്രതികരണം നടത്തിയത്. ‘കുസേലൻ’ എന്ന ചിത്രത്തിൽ ഒരിക്കൽ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നെങ്കിലും, ആ അനുഭവത്തിന് ശേഷം വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് നടി പറഞ്ഞു. വലിയ പ്രതിഫലം ലഭിച്ചാലും, അതിന് താൻ തയ്യാറാകില്ലെന്നും അവർ തുറന്നുപറഞ്ഞു.
‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല. ഒരു ഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷെ അതെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വടിവേലുവിനെ ഒരാൾക്ക് കൈകാര്യം ചെയ്യാനാവില്ല. ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല. എനിക്ക് ആത്മാഭിമാനമാണ് വലുത്” നടി പറഞ്ഞു. ഒരു പുതിയ വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു സോനയുടെ ഈ തുറന്നുപറച്ചിൽ.
അതേസമയം ഈ വിഷയത്തിൽ വടിവേലു ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘പൂവെല്ലാം ഉൻ വാസം’ എന്ന ചിത്രത്തിലൂടെയാണ് സോന ഹെയ്ഡൻ സിനിമാരംഗത്ത് ശ്രദ്ധേയയായത്. പിന്നീട് തമിഴിനൊപ്പം തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ അഭിനയിച്ച താരം പിന്നീട് നിർമ്മാണ രംഗത്തേക്കും കടന്നു.
















































