തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയതിലെ അസ്വാഭാവികതയാണ് താരം സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്തത്. ചടങ്ങിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പും അസ്വസ്ഥതയും പരസ്യമാക്കിയത്. പുരസ്കാരത്തിന് അർഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃച്ഛികതയാണോ എന്ന് അഹാന കൃഷ്ണ ചോദിക്കുന്നു.
വിവിധ കാറ്റഗറിയിൽ പുരസ്കാര ജേതാക്കളായ സ്ത്രീകൾ മുൻനിരയിൽ ഇരിക്കാൻ പൂർണ്ണമായും അർഹരാണെന്നും, അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അഹാന കുറിച്ചു. ‘‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി.
സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’’ അഹാന കൃഷ്ണ കുറിച്ചു














































