അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഇന്ദ്രപ്രസ്ഥത്തെ തൂത്തുവൃത്തിയാക്കാനായി 2013ൽ ഒരു ക്രിസ്തുമസ് സന്ദേശവുമായായിരുന്നു ആംആദ്മി പാർട്ടി (എഎപി)യുടെ ഉദയം. 2011-ൽ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ ലോക്പാൽ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. എന്നാൽ 2013 ഓടെ സാധാരണക്കാരന്റെ വേഷത്തിൽ ഡൽഹി ജനതയുടെ മനസിലേക്ക് കുടിയേറി. ആംആദ്മി പാർട്ടി രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്ത ആംആദ്മി പാർട്ടി അതേ വർഷം രാജ്യതലസ്ഥാനത്ത് തന്റെ സാന്നിധ്യമറിയിച്ചു. അങ്ങനെ 15 വർഷം ഡൽഹി ഭരിച്ച ഷീലാ ദീക്ഷിത്തിന്റെ കസേര തെറിച്ച് കൊണ്ട് അധികാരത്തിലേറിയ കെജ്‌രിവാൾ അധികാരത്തിലേറി.
2006-ൽ ആദായനികുതി വകുപ്പിൽനിന്ന് ജോയന്റ് കമ്മിഷണറായി സ്വയംവിരമിച്ചെങ്കിലും താൻ വന്ന വഴികളിൽ പണ്ടുപരിചരിച്ച അഴിമതിയുടെ കൈപ്പേറിയ അനുഭവങ്ങൾ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിപ്പിച്ചു. അരവിന്ദ് കെജ്‌രിവാൾ എന്ന നാമം ദേശീയ ശ്രദ്ധയിലേക്കെത്തുംമുമ്പേ വിവിധ അഴിമതിക്കഥകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
2011 ൽ ഹസാരെയുമൊത്ത് അഴിമതി വിരുദ്ധ പോരാട്ടങ്ങളിലേർപ്പെട്ടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെന്ന ആശയം മുന്നോട്ടു വച്ചതോടെ ഇരുവരും തമ്മിൽ തെറ്റി. 2012ലാണ് ദേശീയ പാർട്ടിയുണ്ടാക്കാൻ കെജ്‌രിവാൾ നീക്കം ആരംഭിച്ചത്. അതോടെ അതുവരെ ഒന്നിച്ചുനീങ്ങിയ കിരൺബേദി, സന്തോഷ് ഹെഗ്ഡെ തുടങ്ങിയവരും ഹസാരെയ്ക്കൊപ്പം നിന്നു. പ്രശാന്ത് ഭൂഷൺ, ശാന്തി ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ കെജ്‌രിവാളിനൊപ്പവുംനിന്നു. ഹസാരയ്ക്കൊപ്പമുള്ള പ്രക്ഷോഭത്തിന് സാമൂഹികമാധ്യമങ്ങളിലും മറ്റും രാജ്യവ്യാപകമായി പിന്തുണ നേടിയെടുക്കുന്നതിൽ വിജയിച്ച കെജ്‌രിവാൾ തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലും ആ സ്വീകാര്യത ലഭ്യമാക്കി. 2012 നവംബർ 26-ന് ആംആദ്മി പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അതേസമയം 2013-ൽ എഎപി ചൂൽ ചിഹ്നത്തിൽ ഡൽഹി നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങി. അന്ന് 70 ൽ 28 സീറ്റുനേടി എഎപി ബിജെപിയുടെ തൊട്ടുപിന്നിലായി. പിന്നീട് സർക്കാരുണ്ടാക്കാനില്ലെന്നുപറഞ്ഞ് ബിജെപി. പിന്മാറിയതോടെ കെജ്‌രിവാൾ കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറി. പക്ഷെ അതിന് അധികകാലം ആയുസുണ്ടായിരുന്നു. അധികാരമേറിയാൽ 15 ദിവസത്തിനകം ഡൽഹിയിൽ ജനലോക്പാൽ ബിൽ പാസാക്കുമെന്നായിരുന്നു എഎപിയുടെ വാഗ്ദാനങ്ങളിലൊന്ന്. അതുപാലിക്കാനായില്ലെന്ന്കാട്ടി 49 ദിവസത്തെ ഭരണമവസാനിപ്പിച്ചു.
അങ്ങനെ ഡൽഹിയിൽ ഒരുവർഷത്തോളം രാഷ്ട്രപതി ഭരണം നിലവിൽ വന്നു. പിന്നീട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയാൽ ഒളിച്ചോടാതെ വാഗ്ദാനങ്ങൾ പാലിക്കാമെന്ന കെജ്‌രിവാളിന്റെ അഭ്യർഥന ജനങ്ങൾ കേട്ടു. എഴുപതിൽ 67 സീറ്റുകളും തൂത്തുവാരി എഎപി വീണ്ടും അധികാരത്തിലേക്ക്. കെജ്‌രിവാൾ രണ്ടാമതും മുഖ്യമന്ത്രിയായി. പിന്നീട് അഞ്ചുവർഷം പൂർത്തിയാക്കി മൂന്നാംവട്ടവും കെജ്‌രിവാൾ എന്ന സാധാരണക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടു. അരവിന്ദ് കെജ്‌രിവാളിന്റെയും ആം ആദ്മിപാർട്ടിയുടെയും കുതിപ്പിൽ ഡൽഹിയിൽ വീണ്ടും എതിരാളികൾ നിലംപരിശായി. എഴുപതിൽ 62 സീറ്റും സ്വന്തമാക്കി എഎപി രാജ്യതലസ്ഥാനം വീണ്ടും തൂത്തുവാരി.
ഡൽഹിക്കാരുടെ കണ്ണിനു സാധാരണ ഒരു കാഴ്ച മാത്രമായിരുന്നു വിലകൂടിയ വാഹനങ്ങളിൽ വന്നിറങ്ങുന്ന വിഐപി നേതാക്കൾ. അവർക്കിടയിലേക്കാണ് കഴുത്തിൽ മഫ്ളർ ചുറ്റി കണ്ണിൽ ഒരു കണ്ണടയും വച്ച് സാധാരണവേഷത്തിൽ കൈയിലൊരു ചൂലുമായി ഇറങ്ങിവന്ന നേതാവ്. പിന്നീടങ്ങോട്ട് ചൂൽ വിപ്ലവമായിരുന്നു. രാജ്യത്ത് പടർന്നുപിടിച്ചിരുന്ന അഴിമതി തൂത്തെടുക്കാൻ ചൂലുമായി എത്തിയ എഎപിയും കെജ്‌രിവാളും.
എന്നാൽ തുടക്കത്തിൽ കണ്ട ആവേശ ശൂരത്വം എവിടെയോവച്ച് കെജ്‌രിവാളിനു കൈമോശം വന്നുപോയി. അഴിമതിയുടെ സുഖലോലുപതയിൽ അരവിന്ദ് കെജ്‌രിവാളും മുങ്ങിപ്പോയി. അഴിമതിയെന്ന ചക്കരക്കുടത്തിൽ കെജ്‌രിവാളും കയ്യിട്ടുവാരി. അതോടെ മദ്യനയ അഴിമതിക്കേസിൽ അഴിക്കുള്ളിലാവുകയും ചെയ്തു. ഈ കേസിലുണ്ടായ ക്ഷീണം മാറ്റാൻ ജയിൽവാസത്തിന് ശേഷം മുഖ്യമന്ത്രി കസേരയിൽനിന്നിറങ്ങി എല്ലാ ഔദ്യോഗിക സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് സാധാരണക്കാരനായി കെജ്‌രിവാൾ ഒരിക്കൽകൂടി മുന്നിലെത്തി.
മൂന്നാംവട്ടം അധികാരത്തിലേറിയതിന് പിന്നാലെ പുതിയ മദ്യനയം 2021-ൽ നടപ്പാക്കിയതോടെ കെജ്‌രിവാളിനും ആപിനും അടിതെറ്റിത്തുടങ്ങിയത്..ആപിന്റെ തകർച്ചയ്ക്ക് അഴിമതി ആരോപണങ്ങൾ വിനയായതിന് പുറമെ ഭരണവിരുദ്ധ വികാരവും അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയെ ചൊല്ലിയുണ്ടായ വിവാദങ്ങളും കാരണങ്ങളായി. അതുപോലെ തന്നെ പാളയത്തിൽ നിന്നുതന്നെ ആപ്പിന് എതിരാളികൾ കൂടിക്കൂടി വന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാണ് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ഒരുകൂട്ടം എഎപി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്. അതും ആപ്പിനു തിരിച്ചടിയായി.
അങ്ങനെ 12 വർഷങ്ങൾക്കിപ്പുറം ആപ്പിന്റെ പടിയിറക്കവും സംഭവിച്ചു. ഒപ്പം 27 വർഷങ്ങൾക്കു ശേഷം ബിജെപിക്കിത് പട്ടാഭിഷേകവും. പൂർണമായും തുടച്ച് നീക്കിയിട്ടില്ലെങ്കിലും ഒരിക്കൽ അവിശ്വസിച്ച ജനത ഇനി പട്ടാഭിഷേകം നടത്തി കൂടെക്കൂട്ടുമോ അതോ ചരിത്രപുസ്തകങ്ങളിൽ ഡൽഹി ഭരിച്ചിരുന്ന ഒരുപാട് സുൽത്താൻമാരുടെ പേരുകൾ പഠിച്ചിരുന്നതുപോലെ, എഎപിയെന്ന പേര് വരും തലമുറയ്ക്ക് ഇന്റർനെറ്റിൽ മാത്രം സേർച്ച് ചെയ്താൽ മാത്രം കിട്ടുന്ന ഒരു ചരിത്ര ഏട് മാത്രമാവുകുമോയെന്ന് കാത്തിരുന്നു കാണാം.