കൊച്ചി: യുവമോർച്ച ജില്ലാ സെക്രട്ടറി ഗോപു പരമശിവനിൽ നിന്നും യുവതി നേരിട്ടത് ക്രൂര പീഡനം. ബെൽറ്റും ചാർജർ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മർദനം പതിവാണെന്ന് യുവതി പറഞ്ഞു. ഹെൽമെറ്റ് താഴെവെച്ചുവെന്ന നിസാര കാരണത്തിനായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. തല്ലിയ ശേഷം ഗോപു ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കും. തന്നെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് ഗോപു പറയുമെന്നും യുവതി പറഞ്ഞു. അഞ്ചു വർഷമായി അയാൾക്കൊപ്പം താമസിക്കുന്നുവെന്ന് യുവതി പറഞ്ഞു.
ഞങ്ങളുടെ ബന്ധുക്കൾക്ക് അല്ലാതെ വേറെ ആർക്കും ഒന്നിച്ച് താമസിക്കുന്ന കാര്യം അറിയില്ല. ബാക്കിയുള്ളവരോട് സിംഗിൾ ആണെന്നാണ് ഗോപു പറഞ്ഞിരിക്കുന്നത്. അഞ്ചുവർഷമായി അവിടെ ഇട്ട് എന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. ചാർജറിന്റെ കേബിൾ, ചട്ടുകം, ബെൽറ്റ്, കൈയിൽ, എക്സറ്റൻഷൻ കേബിൾ തുടങ്ങിയവ ഉപയോഗിച്ച് മർദിക്കും. എനിക്ക് മടുത്തു. ഇന്നലെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ബോധം കെട്ട് ഞാൻ വീണു. നിസാര കാര്യത്തിനാണ് മർദനം. അയൺ ചെയ്യാൻ വേണ്ടി കഴിഞ്ഞ ദിവസം മേശപ്പുറത്തുനിന്ന് സാധനങ്ങളെല്ലാം മാറ്റുന്ന കൂട്ടത്തിൽ ഹെൽമെറ്റും താഴെ എടുത്തു വെച്ചു. അതിനാണ് ഇന്നലെ ഉപദ്രവിച്ചത്. ശരീരത്തിൽ ആകെ ഉപദ്രവിച്ചതിന്റെ പാടുകളാണ്. എല്ലാ ദിവസവും ഉപദ്രവിക്കും. ഞാൻ മരിച്ചെന്ന് കരുതിയിട്ടാവാം എന്നെ ഇട്ടിട്ട് പോയത്.
ബോധം വന്നപ്പോൾ അയാളെ കാണാനില്ല. വേഗം വസ്ത്രം ധരിച്ച് സഹോദരിയുടെ അടുത്തേക്ക് പോയി. എന്റെ കുട്ടികളെ കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടാണ് നിർത്തിയത്. ഇപ്പോൾ എന്റെ ജീവന് ഭീഷണി ആയതുകൊണ്ടാണ് അവിടന്ന് വീടുവിട്ടിറങ്ങിയത്. പരാതിപ്പെടാൻ എനിക്ക് പേടിയായിരുന്നു. ഇയാളെന്നെ ഉപദ്രവിക്കുമോ എന്ന പേടി. പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല, ആരോടും സംസാരിക്കാൻ പറ്റുന്നില്ല. ആരേയും വിളിക്കാൻ പറ്റുന്നില്ല. ഭീഷണിപ്പെടുത്തിയാണ് എന്നെ കൂടെ നിർത്തിയിരിക്കുന്നത്.
പാർട്ടി നേതാക്കൾക്ക് പരാതികൊടുത്തിട്ട് കാര്യമില്ല. ആരേയും പേടില്ലാത്തയാളാണ് ഇയാൾ. എന്നെ കൊന്നിട്ടാലും ആരും ചോദിച്ച് വരില്ല എന്ന തോന്നലാണ് ഇയാൾക്ക്. പട്ടിക്കും പൂച്ചക്കും തെരുവുനായക്കും ഇങ്ങനെ തല്ല് കിട്ടില്ല എന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. അറക്കാൻ കൊണ്ടുപോകുന്ന മാടിന് പോലും ഇങ്ങനത്തെ അവസ്ഥ വരില്ല, അത്രയ്ക്കും ദയനീയമാണ് നിന്റെ അവസ്ഥ എന്ന് പറഞ്ഞ് തല്ലിയതിന്റെ പാട് കാണുന്ന തരത്തിൽ ഫോട്ടോ എടുത്ത് വെക്കും. നിന്നെ ഉപദ്രവിക്കുന്നത് എനിക്ക് ഹരമാണെന്ന് അത് നോക്കി പറയും.
വീട്ടിൽ എന്നെ പൂട്ടിയിടും. ഫോണിൽ ഇങ്ങോട്ട് വരുന്ന് കോൾ മാത്രമാണ് എടുക്കാൻ പറ്റൂ. പുറത്തുപോകുമ്പോൾ ഞാൻ വീടിനകത്തിരിക്കും. പുറത്ത് നിന്ന് പൂട്ടിയിടും. ആർക്കും ഇതേക്കുറിച്ച് അറിയില്ലെന്നും യുവതി പറഞ്ഞു. ഗോപു പരമശിവന്റെ അതിബുദ്ധി തന്നെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകമറിയാൻ കാരണം. മർദനം സഹിക്കവയ്യാതെ യുവതി സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. ഇതേത്തുടർന്ന് യുവതിയെ കാണാനില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഗോപു മരട് പോലീസിൽ പരാതിപ്പെട്ടു. പിന്നാലെ യുവതിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട പോലീസിനോട് ബന്ധുവിന്റെ വീട്ടിലാണുള്ളതെന്നും ഇപ്പോൾ വരാൻ സാധിക്കില്ലെന്നും യുവതി അറിയിച്ചു. എന്നാൽ, വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ യുവതി മർദനവിവരം പോലീസിനെ അറിയിക്കുകയായിരുന്നു.


















































