സരൺ: ബിഹാറില്‍ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം നടന്നത്.
അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തുള്ള ഒരു കുളിമുറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്.
പ്രതികൾ പെൺകുട്ടിയുടെ അയൽവാസികൾ തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സരൺ ജില്ലയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഒളിവിൽ പോയ ബാക്കി നാല് പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.












































