വാരണാസി: യോഗി ആദിത്യനാഥിന് രൂക്ഷ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രയാഗ്‌രാജില്‍ നടക്കുന്ന മാഘമേളയില്‍ പുണ്യസ്‌നാനം നടത്താന്‍ അനുവാദം ലഭിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് അവിമുക്തേശ്വരാനന്ദ് യോഗിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ‘ഒരു ഹിന്ദുവാകുന്നതിന്റെ ആദ്യപടി പശുവിനോടുള്ള സ്‌നേഹമാണ്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കാന്‍ യോഗി ആദിത്യനാഥ് തയാറാകുമോ? യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ തയാറാണോ? ഹിന്ദു അനുകൂലിയാണെന്ന് തെളിയിക്കാന്‍ 40 ദിവസത്തിനുള്ളില്‍ ഗോവധ നിരോധനം നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്’ -സ്വാമി അവിമുക്തേശ്വരാനന്ദ് വാരണാസിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനുവരി 18ന് മാഘ മേളക്കെത്തിയ അദ്ദേഹത്തെ ത്രിവേണീസംഗമത്തില്‍ സ്‌നാനത്തിന് അനുവദിക്കാതെ പൊലീസ് തടയുകയായിരുന്നു. 11 ദിവസം സ്ഥലത്ത് പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ ഇടപെട്ടില്ല. തുടര്‍ന്നാണ് ഇന്നലെ സ്‌നാനം നടത്താതെ മടങ്ങിയത്. ത്രിവേണീസംഗമത്തില്‍ സ്‌നാനത്തിന് പല്ലക്കില്‍ പോകാന്‍ സ്വാമി അവിമുക്തേശ്വരാനന്ദിനെ അധികൃതര്‍ അനുവദിച്ചിരുന്നില്ല. പല്ലക്കില്‍ നിന്നിറങ്ങി നടന്നുപോയി സ്‌നാനം നിര്‍വഹിച്ച് മടങ്ങണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് നിര്‍ദേശത്തിന് വഴങ്ങാന്‍ സ്വാമി തയാറായില്ല. ഇതോടെയാണ് ദിവസങ്ങളോളം പ്രതിഷേധിച്ച് സ്‌നാനം നടത്താതെ മടങ്ങിയത്.













































