കർണാടക: വിവാഹംകഴിഞ്ഞ് മൂന്നാംമാസം ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഇതിന് പിന്നാലെ, വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ആത്മഹത്യ ചെയ്തു. കർണാടകയിലെ ദാവൻഗരെ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഗുമനൂരു സ്വദേശി ഹരീഷ് (30), ഭാര്യയുടെ സഹോദരീ ഭർത്താവ് രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ ഹരീഷിന്റെ ഭാര്യ സരസ്വതിയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മൂന്ന് മാസം മുൻപാണ് ഹരീഷും സരസ്വതിയും വിവാഹിതരായത്. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സരസ്വതി കാമുകനായ കുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നു.
വിവരം അറിഞ്ഞ ഹരീഷ്, തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ചശേഷം ജീവനൊടുക്കി. മരണവാർത്തയറിഞ്ഞതോടെ വിവാഹത്തിന് പ്രധാന പങ്കുവഹിച്ച സരസ്വതിയുടെ സഹോദരീ ഭർത്താവ് രുദ്രേഷും ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ തന്നെ സരസ്വതി ഹരീഷിനും കുടുംബത്തിനുമെതിരെ പീഡനാരോപണം ഉന്നയിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ സരസ്വതിക്ക് കുമാറുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് ശേഷവും ഇവർ ഹരീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഹരീഷിന്റെ ആത്മഹത്യാ കുറിപ്പിൽ സരസ്വതിക്കും കുമാറിനും പുറമെ ബന്ധുക്കളായ ഗണേഷ്, അഞ്ജനമ്മ എന്നിവരുടെ പേരുകളും പരാമർശിച്ചിട്ടുണ്ട്.

















































