കൊച്ചി: വഴക്കിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് പേർ തമ്മിലുണ്ടാകുന്ന വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് കോടതി കാമുകനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനായ ഹർജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി.
ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ ‘പോയി ചാക്’ എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കണമെങ്കിൽ, പ്രതിക്ക് മരിക്കാൻ പ്രേരിപ്പിക്കണം എന്ന കൃത്യമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതിനേക്കാൾ, പ്രതിയുടെ ആന്തരികമായ ഉദ്ദേശ്യത്തിനാണ് ഇവിടെ മുൻഗണന നൽകേണ്ടത്- കോടതി വ്യക്തമാക്കി.


















































