ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് പതിനഞ്ച് വയസിൽ താഴെ പ്രായമുളള മൂന്ന് ആൺകുട്ടികൾ. ഡൽഹിയിലെ ഭജൻപുരയിലാണ് സംഭവം. സംഭവത്തിൽ പതിമൂന്നും പതിനാലും പതിനഞ്ചും വയസ് പ്രായമുളള മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി പതിനെട്ടിനാണ് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടതെന്നും ഉടൻ തന്നെ നടപടിയെടുത്തെന്നും പോലീസ് പറഞ്ഞു. താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ ടെറസിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പ്രതികൾ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.
അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതികളിൽ ഒരാളുടെ അമ്മ തന്നെയാണ് മകനെ പോലീസിന് കൈമാറിയത്. മകനാണെന്നു നോക്കണ്ട, കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയും പോക്‌സോ വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ ആറ് വയസുകാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയെടുത്തിട്ടുണ്ടെന്നും കുട്ടിക്ക് കൗൺസലിങ് നൽകിയെന്നും പോലീസ് പറഞ്ഞു. ‘എന്റെ മകൾ വീട്ടിലെത്തിയത് ശരീരം മുഴുവൻ രക്തക്കറയുമായാണ്. കാര്യം തിരക്കിയപ്പോൾ വീണതാണ് എന്ന് ആദ്യം പറഞ്ഞു. എന്നാൽ അവളുടെ കൈകാലുകളിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. വീണ്ടും ചോദിച്ചപ്പോഴാണ് അവൾക്കെന്താണ് സംഭവിച്ചതെന്ന് എന്നോട് തുറന്നുപറഞ്ഞത്’- ആറ് വയസുകാരിയുടെ അമ്മ പറഞ്ഞു. ഉടൻ തന്നെ താൻ മകളെ പോലീസ് സ്റ്റേഷനിലെത്തിച്ചെന്നും തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അവർ വ്യക്തമാക്കി.















































