ചെന്നൈ: ബിഹാർ സ്വദേശിയുടെ മൃതദേഹം അഡയാറിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്. ഇയാളുടെ ഭാര്യയെയും 2 വയസ്സുള്ള മകനെയും ഇവരുടെ സുഹൃത്തുക്കളായ 5 അംഗ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം മധ്യകൈലാസിൽ നിന്നു കണ്ടെത്തിയ പൊലീസ്, ഭാര്യയുടെ മൃതദേഹത്തിനായി അന്വേഷണം ഊർജിതമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ടു ബിഹാർ സ്വദേശികളും ഗൗരവിന്റെ സുഹൃത്തുക്കളുമായ 5 തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിൽ നിന്നു ജോലി തേടി കഴിഞ്ഞ 21നു ചെന്നൈയിലെത്തിയ ഗൗരവ് കുമാറും ഭാര്യയും മകനുമാണു കൊല്ലപ്പെട്ടത്. ഗൗരവിന്റെ ഭാര്യയ്ക്കെതിരെ സുഹൃത്തുക്കൾ നടത്തിയ ലൈംഗികാതിക്രമ ശ്രമം തടഞ്ഞതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
ഗൗരവിനെ കൊലപ്പെടുത്തിയ സംഘം, തുടർന്നു ഭാര്യയെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. ഇവരുടെ 2 വയസ്സുള്ള മകനെ നിലത്തടിച്ചു കൊലപ്പെടുത്തിയതായും മൃതദേഹങ്ങൾ ചാക്കുകളിലാക്കി വിവിധയിടങ്ങളിൽ തള്ളിയതായും അറസ്റ്റിലായവർ വെളിപ്പെടുത്തി.















































