കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോർഡ് ഒന്നിച്ചെടുത്തതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ഐക്യത്തിൽ നിന്നു പിൻമാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണ്. മൂന്ന് ദിവസത്തിനകം വരാമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി നേതാവായ താങ്കൾ എങ്ങനെ ചർച്ച നടത്തുമെന്ന് തുഷാറിനോട് താൻ ചോദിച്ചു. രാഷ്ട്രീയ പാർട്ടിയുടെ ആൾ ഐക്യവുമായി എങ്ങനെ ചർച്ച നടത്തും. വരേണ്ടതില്ലെന്നും അത് രാഷ്ട്രീയം ആകുമെന്ന് താൻ പറഞ്ഞുവെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.
അതുപോലെ താൻ വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ. തങ്ങൾ അതിലൊന്നും വീഴുന്ന ആളുകളല്ലെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹത്തിന് അർഹതയില്ലെന്ന് താൻ പറയുന്നില്ല. ഒരു ദിവസം കഴിഞ്ഞപ്പോൾ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചു. ഇതുകൂടി വന്നപ്പോഴാണ് ഐക്യത്തിന് പിന്നിലെ കാരണം എന്തെന്ന് തോന്നിയത്. ആ കെണിയിൽ പെടേണ്ട എന്ന് തോന്നി.
വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്. മറ്റാരും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെ, ആക്ഷേപമില്ല. എന്നാൽ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. എൻഎസ്എസിനെ സംശയിക്കുന്നതുപോലെ ഐക്യത്തിന് പിന്നിൽ ആരുടെയോ ഇടപെടൽ ഉണ്ടെന്ന് ഞാൻ സംശയിക്കുന്നു. ഞാൻ വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുൻപേ പത്മഭൂഷൺ എനിക്ക് കിട്ടിയേനെ. എനിക്ക് അങ്ങനെയുള്ള ഒരു ആഗ്രഹവുമില്ല. ആഗ്രഹമുണ്ടെങ്കിൽ എന്തെല്ലാം സ്ഥാന മാനങ്ങൾ കിട്ടിയേനെ. ഞങ്ങൾ അതിലൊന്നും വീഴുന്ന ആളുകളല്ല’ സുകുമാരൻ നായർ വ്യക്തമാക്കി.
താൻ പ്രവർത്തിക്കുന്നത് എൻഎസ്എസിന് വേണ്ടിയാണ്. അല്ലാതെ തനിക്കോ തന്റെ കുടുംബത്തിനു വേണ്ടിയോ അല്ല. അത് മറ്റൊരു സമുദായത്തിന് ദോഷകരമാവരുത് എന്ന് തനിക്കുണ്ട്. മറ്റുള്ളവർ പ്രവർത്തിക്കുന്നത് ആർക്കുവേണ്ടിയാണ് എന്നവർ ആലോചിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































