കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം നൽകാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്ന് വിലയിരുത്തി. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
കേസിൽ തന്നെ പോലീസ് പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലെ വാദത്തിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എല്ലാത്തരത്തിലും പൂട്ടാനാണ് എസ്ഐടി നീക്കം. ദ്വാരപാലക പാളികൾ പോറ്റിക്ക് കൊടുത്തുവിടാൻ അനുമതി നൽകിയെന്നത് ശാസ്ത്രീയമായി തെളിയിക്കാൻ തന്ത്രിയുടെ കൈപ്പട പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇതിനായി കൊല്ലം വിജിലൻസ് കോടതിയിൽ എസ്‌ഐടി അപേക്ഷ നൽകി.
തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നൽകിയത്. ഇതു തെളിയിക്കാനായി ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാനാണ് നീക്കം. അനുമതി ലഭിച്ചാലുടൻ സാമ്പിൾ ശേഖരിക്കും.സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്‌ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.











































