തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്ന് വിഡി സതീശൻ. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമലക്കേസിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗത്തിന് എതിരെയായിരുന്നു വിഡി സതീശന്റെ പരിഹാസം.
‘ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. നാവിൽ വരുന്നത് എല്ലാം പറയാൻ ആകുന്നില്ല, സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാണ്. ഏത് മാളത്തിൽ പോയി ഒളിച്ചാലും ഈ സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിന് വേണ്ടി യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കും’- വിഡി സതീശൻ പറഞ്ഞു.
സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വി ശിവൻകുട്ടി നേരത്തെ നിയമസഭയിൽ ആവശ്യപ്പെട്ടതിനു മറുപടിയായി ആയിരുന്നു വിഡി സതീശന്റെ പരിഹാസം. ‘സോണിയാ ഗാന്ധിയെ സന്ദർശിച്ചതിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലല്ലോ. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. വീട് റെയ്ഡ് ചെയ്യണം. വീട്ടിൽ സ്വർണം ഉണ്ട്. സോണിയാ ഗാന്ധിയുടെ കയ്യിൽ സ്വർണം കെട്ടിയില്ലേ. അത് ഏത് സ്വർണമാണ്. തന്ത്രി എന്തിന് രണ്ട് തവണ അവിടെ പോയി. ആര് കൊണ്ടുപോയി. കോൺഗ്രസ് മറുപടി പറയണം’, ശിവൻകുട്ടി പറഞ്ഞു.
കൂടാതെ ‘സ്വർണം കട്ടവരാരപ്പാ… കോൺഗ്രസ് ആണേ അയ്യപ്പാ’, എന്ന പാരഡി ഗാനവും ശിവൻകുട്ടി സഭയിൽ ആലപിച്ചിരുന്നു. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നിൽ സോണിയാ ഗാന്ധിയുടെ വസതിയുടെ ഗേറ്റ് തുറക്കുമോയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും വിമർശിച്ചിരുന്നു. പ്രതിപക്ഷം വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ധൈര്യമില്ലെന്നും വീണാ ജോർജ് പരിഹസിച്ചു.














































