വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിലെ മുഖ്യ അജണ്ടയായ കുടിയേറ്റ വേട്ട അമേരിക്കയിലുടനീളം ശക്തമായി തുടരുന്നതിനിടെ, മിന്നിയാപ്പോളിസിൽ നടന്ന അക്രമം പ്രസിഡന്റിന് തന്നെ രാഷ്ട്രീയ തിരിച്ചടി മാറുന്നുവെന്ന് വിലയിരുത്തൽ. സൈനികവത്കരിച്ച കുടിയേറ്റ റെയ്ഡുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് നഴ്‌സ് അലക്സ് പ്രെട്ടി കൊല്ലപ്പെട്ടതാണ് പുതിയ വിവാദത്തിന് പിന്നിലെ കാരണം. ഈ മാസം ഫെഡറൽ ഏജന്റുമാരുടെ നടപടിയിൽ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനാണ് പ്രെട്ടി.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കുടിയേറ്റ റെയ്ഡുകൾ. എന്നാൽ അധികാരത്തിൽ തിരിച്ചെത്തിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ, ഈ കടുത്ത സമീപനം റിപ്പബ്ലിക്കൻ പാർട്ടിയുടെ മുഖ്യ വോട്ടർമാരിൽ പോലും അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് സൂചന. നവംബറിൽ നടക്കുന്ന നിർണായക യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ട്രംപിന്റെ അംഗീകാര നിരക്ക് ഇടിയുന്നതായി നിരവധി സർവേകൾ വ്യക്തമാക്കുന്നു.
“കുടിയേറ്റത്തിൽ കർശനത വേണമെന്ന അഭിപ്രായത്തിന് പിന്തുണയുണ്ട്. പക്ഷേ അത് നടപ്പാക്കുന്ന രീതിയോടാണ് വലിയ എതിർപ്പെന്ന് അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര ബന്ധ വിഭാഗം പ്രൊഫസർ ഗാരറ്റ് മാർട്ടിൻ എഎഫ്‌പിയോട് പ്രതികരിച്ചു.
സമീപകാല സർവേകൾ വ്യക്തമാക്കുന്നത്, നാടുകടത്തലിനും കർശന കുടിയേറ്റ നയങ്ങൾക്കും പിന്തുണയുള്ള വോട്ടർമാർ പോലും ഐസിഇ (Immigration and Customs Enforcement) ഏജന്റുമാരുടെ കടുത്ത നടപടികളെ എതിർക്കുന്നുവെന്നാണ്. സിയേന/ന്യൂയോർക്ക് ടൈംസ് നടത്തിയ സർവേയിൽ, ഐസിഇയുടെ നടപടികൾ അതിരു കടന്നുവെന്ന് കരുതുന്നവരുടെ എണ്ണം 61 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഈ സർവേ നടത്തിയത് പ്രെട്ടിയുടെ മരണത്തിന് മുമ്പായിരുന്നെങ്കിലും, ജനുവരി 7ന് മിന്നസോട്ടയിൽ ഐസിഇ ഏജന്റിന്റെ വെടിയേറ്റ് മൂന്ന് മക്കളുടെ അമ്മ റെനീ ഗുഡ് കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു. പ്രെട്ടിയുടെ വധത്തിന് മണിക്കൂറുകൾക്കകം നടത്തിയ യൂട്യൂഗ് സർവേയിൽ 46 ശതമാനം പേർ ഐസിഇ പിരിച്ചുവിടണമെന്ന് അഭിപ്രായപ്പെട്ടു.
“ഇപ്പോൾ ചർച്ചയുടെ കേന്ദ്രം കുടിയേറ്റം എന്ന വിഷയത്തിൽ നിന്ന് ഐസിഇയുടെ പ്രവർത്തനങ്ങളിലേക്കാണ് മാറിയിരിക്കുന്നത്. അതാണ് ട്രംപിന് ഏറ്റവും വലിയ പ്രശ്നം,”- മാർട്ടിൻ പറഞ്ഞു. കുടിയേറ്റ വേട്ടയോടുള്ള എതിർപ്പ് ട്രംപിന്റെ സഖ്യകക്ഷികളിലേക്കും വ്യാപിക്കുകയാണ്. പ്രശസ്ത പോഡ്കാസ്റ്റർ ജോ റോഗൻ ഐസിഇ റെയ്ഡുകളെ നാസി ജർമനിയിലെ ഗസ്റ്റാപ്പോയുമായി താരതമ്യം ചെയ്തു. ടെക്സസ് ഗവർണർ ഗ്രെഗ് ആബറ്റ് മിന്നസോട്ടയിലെ സമീപനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ ട്രംപ് നിലപാട് മൃദുവാക്കി. ഡെമോക്രാറ്റിക് നേതാക്കളോട് അനുരഞ്ജന സ്വരം സ്വീകരിക്കുകയും അതിർത്തി ചുമതലയുള്ള ഉദ്യോഗസ്ഥനെ മിന്നസോട്ടയിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നിരുന്നാലും, അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹം വളർത്തിയ അജയ്യൻ എന്ന പ്രതിച്ഛായക്ക് ഇത് തിരിച്ചടിയായതായി നിരീക്ഷകർ പറയുന്നു.
അതുപോലെ സാമ്പത്തിക രംഗത്തും ട്രംപ് പിന്നിലാകുന്നതായാണ് സർവേകൾ സൂചിപ്പിക്കുന്നത്. പുതിയ സുവർണകാലം വാഗ്ദാനം ചെയ്ത സമ്പദ്‌വ്യവസ്ഥയിൽ തന്നെ ജനങ്ങളുടെ അതൃപ്തി വർധിക്കുകയാണ്. 2024-ലെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഹിസ്പാനിക്, കറുത്തവർ, യുവാക്കൾ തുടങ്ങിയ വിഭാഗങ്ങളിൽ പിന്തുണ കുറയുന്നതായും റിപ്പോർട്ടുകളുണ്ട്. പ്യൂ റിസർച്ച് സെന്റർ സർവേ പ്രകാരം, 61 ശതമാനം ഹിസ്പാനിക് വോട്ടർമാർ ട്രംപിന്റെ സാമ്പത്തിക നയങ്ങളിൽ അസന്തുഷ്ടരാണ്, 65 ശതമാനം പേർ കുടിയേറ്റ നയങ്ങൾ തള്ളുന്നു.
അതേസമയം സർവേകൾക്കെതിരെ ട്രംപ് പതിവ് പ്രതികരണമാണ് നടത്തുന്നത്. സിയേന സർവേ നടത്തിയ ന്യൂയോർക്ക് ടൈംസിനെതിരെ കേസ് നൽകുമെന്നും വ്യാജ സർവേകൾ കുറ്റകരമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നവംബർ 3ന് നടക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുൻപ് റിപ്പബ്ലിക്കൻ നേതാക്കളുടെ ആശങ്ക ഇതോടെ മാറില്ലെന്നാണ് വിലയിരുത്തൽ.
മിന്നസോട്ടയിലെ റിപ്പബ്ലിക്കൻ നേതാവ് ക്രിസ് മാഡൽ ഗവർണർ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയിലെ പ്രതിസന്ധി കൂടുതൽ വ്യക്തമാക്കുന്നു. ദേശീയ തലത്തിലെ റിപ്പബ്ലിക്കൻ സമീപനം മിന്നസോട്ടയിൽ ജയിക്കാനാവാത്ത സാഹചര്യമുണ്ടാക്കി അദ്ദേഹം പറഞ്ഞു.
സാധാരണയായി ഭരണകക്ഷിക്ക് തിരിച്ചടിയാകുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന്റെ ഒന്ന് അല്ലെങ്കിൽ രണ്ട് സഭകളിലെ നിയന്ത്രണം പോലും റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദുർബലമായ ഡെമോക്രാറ്റിക് പ്രതിപക്ഷവും ട്രംപിന്റെ ശക്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ’ പിന്തുണയും തെരഞ്ഞെടുപ്പിനെ കടുത്ത പോരാട്ടമാക്കും.“അവർ പാറയ്ക്കും കുഴിയ്ക്കും ഇടയിൽ കുടുങ്ങിയ അവസ്ഥയിലാണ്,” ഗാരറ്റ് മാർട്ടിൻ പറഞ്ഞു.
















































