എറണാകുളം: ട്വന്റി 20യുടെ എൻഡിഎ പ്രവേശനം പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റക്സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിനെതിരായ ഇഡി അന്വേഷണത്തിൽ നിന്നു രക്ഷനേടാനെന്ന് റിപ്പോർട്ട്. കോടികളുടെ വിദേശ നിക്ഷേപത്തിൽ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തിൽ ഇഡി കേസ് എടുത്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നൽകിയെങ്കിലും കിറ്റക്സ് മുതലാളി ഹാജരായില്ല. മൂന്ന് തവണയും ഹാജരായത് ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ സാബു എം ജേക്കബ് തന്നെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നിലപാട് കടുപ്പിച്ചതോടെ എൻഡിഎയിലേക്കു ചാടുകയായിരുന്നു. അതായത് തദ്ദേശ തെരഞ്ഞെടുപ്പ് വരെ തനിച്ച് നിന്ന ട്വന്റി 20 വളരെ പെട്ടെന്നാണ് ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇഡി നടപടി ഒഴിവാക്കാനുള്ള നീക്കത്തിൻറെ ഭാഗമായാണ് പാർട്ടിയുടെ എൻഡിഎ പ്രവേശനം എന്ന സംശയങ്ങളും ഇതോടെ ശക്തമായി.
എന്നാൽ ബിജെപിയുടെ വികസിത രാഷ്ട്രീയമാണ് തന്നെ എൻഡിഎയിലേക്ക് ആകർഷിച്ചതെന്നായിരുന്നു എൻഡിഎയിൽ ചേരുന്നതിനുള്ള പ്രധാന കാരണമായി സാബു എം ജേക്കബ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവെറും തള്ളാണെന്നാണു പറയപ്പെടുന്നത്. എൽഡിഎഫും യുഡിഎഫും തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നപ. എന്നാൽ കിറ്റക്സ് ഗ്രൂപ്പിൻറെ വിദേശ നിക്ഷേപത്തിൽ ചട്ടലംഘനം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണം ഇഡി ഊർജ്ജിതമാക്കി വരുന്നതിനിടയിലെ എൻഡിഎ പ്രവേശനം തുടർ നടപടികളെ ബാധിക്കുമോയെന്ന ആശങ്കയും ശക്തമായി. ഇതോടെ രക്ഷനേടാൻ ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു,
അതേസമയം ജനുവരി 22-നാണ് ട്വൻറി ട്വൻറി എൻഡിഎയ്ക്കൊപ്പം ചേരുന്നതായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു എം. ജേക്കബ് അറിയിച്ചത്. തുടർന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായി. പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ട്വന്റി ട്വന്റി ഒരു മുന്നണിയുടെ ഭാഗമായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു. നാലു പഞ്ചായത്തിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗങ്ങൾ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും നഷ്ടപ്പെട്ടിരുന്നു.
















































