ബ്രസൽസ്: അമേരിക്കൻ സൈനിക പിന്തുണയില്ലാതെ യൂറോപ്പ് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ. യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളോട് തിങ്കളാഴ്ച ബ്രസൽസിൽ സംസാരിക്കവെയാണ് റൂട്ടെ ശക്തമായ മുന്നറിയിപ്പ് നൽകിയത്. “യൂറോപ്യൻ യൂണിയനോ യൂറോപ്പ് മുഴുവനോ അമേരിക്കയില്ലാതെ സ്വയം പ്രതിരോധിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് വെറും സ്വപ്നം മാത്രമാണ്. അത് സാധ്യമല്ല,” റൂട്ടെ പറഞ്ഞു. യൂറോപ്പിനും അമേരിക്കയ്ക്കും പരസ്പരം സഹകരിക്കേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കുമെന്ന ഭീഷണി ഉയർത്തിയതിനെ തുടർന്ന് നാറ്റോയ്ക്കുള്ളിൽ ഭിന്നതയും ആശങ്കയും ശക്തമായിട്ടുണ്ട്. ഗ്രീൻലാൻഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഖനിസമ്പത്ത് സമൃദ്ധമായ ദ്വീപിനെക്കുറിച്ചുള്ള ഒരു “ഫ്രെയിംവർക്ക്” കരാറിലേക്ക്, റൂട്ടെയുടെ മധ്യസ്ഥതയിൽ, ഇരുപക്ഷവും എത്തിയതോടെ ഭീഷണികൾ പിൻവലിച്ചു. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
32 അംഗ രാജ്യങ്ങളുള്ള നാറ്റോയുടെ അടിസ്ഥാനം ആർട്ടിക്കിൾ 5 ആണെന്ന് റൂട്ടെ ഓർമ്മിപ്പിച്ചു. ഒരു അംഗരാജ്യത്തിന്റെ ഭൗമ പരിധിക്ക് ഭീഷണി നേരിട്ടാൽ മറ്റ് അംഗങ്ങൾ പ്രതിരോധത്തിന് എത്തണം എന്നതാണ് ഈ വ്യവസ്ഥ. ജൂലൈയിൽ നെതർലാൻഡ്സിലെ ഹെഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ, സ്പെയിൻ ഒഴികെയുള്ള യൂറോപ്യൻ അംഗരാജ്യങ്ങളും കാനഡയും, പ്രതിരോധ ചെലവ് വർധിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യത്തോട് യോജിച്ചു.
2035ഓടെ ജിഡിപിയുടെ 3.5 ശതമാനം പ്രതിരോധത്തിനും, സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾക്കായി 1.5 ശതമാനവും—ആകെ 5 ശതമാനം—ചെലവഴിക്കുമെന്നാണ് തീരുമാനം. എന്നാൽ, “അമേരിക്കയില്ലാതെ ഒറ്റയ്ക്ക് മുന്നോട്ട് പോകണമെന്ന് യൂറോപ്പ് തീരുമാനിച്ചാൽ 5 ശതമാനം മതിയാകില്ല. അത് 10 ശതമാനം വരെ ഉയർത്തേണ്ടിവരും. സ്വന്തം ആണവശേഷി വികസിപ്പിക്കേണ്ടിവരും. അതിന് ബില്യണുകൾ ചെലവാകും,” റൂട്ടെ മുന്നറിയിപ്പ് നൽകി.
യൂറോപ്പിന് സ്വന്തമായ ‘സ്ട്രാറ്റജിക് ഓട്ടോണമി’ വേണമെന്ന ഫ്രാൻസിന്റെ വാദത്തിന് പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റൂട്ടെയുടെ പ്രതികരണം. അമേരിക്കൻ സുരക്ഷാ മുൻഗണനകൾ മാറുകയാണെന്നും യൂറോപ്പ് സ്വയം നോക്കിക്കോളണമെന്നും ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. അമേരിക്ക പിന്മാറിയാൽ യൂറോപ്പ് “സ്വാതന്ത്ര്യത്തിന്റെ അന്തിമ ഉറപ്പായ യുഎസ്. ആണവ കുട” നഷ്ടപ്പെടുമെന്നും, “അപ്പോൾ നിങ്ങൾക്ക് ആശംസകൾ മാത്രം,” എന്നും റൂട്ടെ പരിഹസിച്ചു.















































