രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് സുഹൃത്തും സഹപ്രവർത്തകനുമായ മോഹൻലാൽ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ തന്റെ സന്തോഷവും അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയെ ‘ഇച്ചാക്കാ…’ എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്.
ലാലിന്റെ കുറിപ്പ് ഇങ്ങനെ
‘ഇച്ചാക്കാ, താങ്കൾക്ക് പദ്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നു.’ -ഇതാണ് മോഹൻലാൽ കുറിച്ചത്. ഒപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
അതുപോലെ തെന്നിന്ത്യൻ താരം കമൽഹാസനും തന്റെ പ്രിയസുഹൃത്തിന് അഭിനന്ദനങ്ങൾ നേർന്നു. ഇതുവരെ സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ദൂരെ നിന്ന് പരസ്പരം സ്‌നേഹിക്കുകയും അടുത്തുനിന്ന് വിമർശിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളാണ് തങ്ങളെന്ന് കമൽഹാസൻ എക്‌സിൽ കുറിച്ചു. തന്റെ ആരാധകരെല്ലാവരും മമ്മൂട്ടിയുടേയും ആരാധകരായിരിക്കുമെന്നാണ് ഒരു മമ്മൂട്ടി ആരാധകനെന്ന നിലയിൽ താൻ പ്രതീക്ഷിക്കുന്നതെന്നും കമൽഹാസൻ കുറിച്ചു.
മഞ്ജു വാര്യരും മമ്മൂട്ടിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ‘അഭിനന്ദനങ്ങൾ മമ്മൂക്കാ! അതിരുകൾ ഭേദിക്കുന്നത് എങ്ങനെയെന്നും വെല്ലുവിളികൾ എങ്ങനെ ഏറ്റെടുക്കുന്നുവെന്നും പുഞ്ചിരിയോടെ കാണിച്ചുതന്നതിന് നന്ദി. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്, അതുല്യനാണ്. പദ്മ പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.’ -ഇതാണ് മഞ്ജു കുറിച്ചത്.
അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയിറങ്ങിയയുടനെ തന്നെയാണ് പത്മഭൂഷൺ മമ്മൂട്ടിക്ക് ലഭിച്ചതെന്നത് മറ്റൊരു കൗതുകം. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്ക് പുരസ്കാരം സമ്മാനിച്ചു.
















































