കൊച്ചി: രാഷ്ട്രീയ ആഘോഷങ്ങളിലും പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ, പ്രക്ഷോഭ മേഖലകളില്‍ സ്ത്രീ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഇസ്ലാമിക വീക്ഷണം. തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള വിജയാഘോഷങ്ങള്‍ ചില സ്ഥലങ്ങളില്‍ അതിരുവിടുന്ന നിലയുണ്ടായെന്നും കാന്തപുരം ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ നിയന്ത്രണമില്ലാത്തവരാകരുത്.
അത് സമൂഹത്തിന് നാശമുണ്ടാക്കും. ഇക്കാര്യം നേരത്തെയും മുസ്ലീം പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അത് തുടര്‍ന്നും ഉണ്ടാകും, അല്ലാത്ത പക്ഷം രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഈ വിഷയത്തില്‍ മുസ്ലീം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതില്‍ ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമയാണെന്നും കാന്തപുരം ആവര്‍ത്തിക്കുന്നു. അതേസമയം, സ്ത്രീ വിദ്യാഭ്യാസം ഉള്‍പ്പെടെ മുസ്ലീം സമുദായത്തിന് അകത്ത് നവോഥാനം കൊണ്ടുവന്നത് തങ്ങളാണെന്ന മുജാഹിദ് വിഭാഗങ്ങളുടെ അവകാശവാദത്തെ കാന്തപുരം തള്ളി.
സുന്നികള്‍ ചെയ്ത കാര്യങ്ങളില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. ഇത്തരം അവകാശവാദങ്ങള്‍ അവരുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. മുസ്ലീം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക എന്നല്ലാതെ മറ്റൊന്നും അവര്‍ കൊണ്ടുവന്നിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.















































