തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻറെ മരണത്തിൽ പിതാവ് ഷിജിൻ അറസ്റ്റിൽ. താൻ കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചെന്നാണു ഷിജിന്റെ മൊഴി. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) വെള്ളിയാഴ്ച രാത്രിയാണു മരിച്ചത്.
ആദ്യം വിഷം ഉള്ളിൽ ചെന്നാണു മരിച്ചതെന്നു കരുതിയെങ്കിലും കുട്ടിയുടെ വയറ്റിൽ ക്ഷതം ഏറ്റതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഷിജിൻ കുറ്റം സമ്മതിച്ചത്. ആദ്യം ചോദ്യം ചെയ്തു വിട്ടുവെങ്കിലും മൂന്നാംതവണത്തെ ചോദ്യംചെയ്യലിൽ ഷിജിൻ കുറ്റസമ്മതം നടത്തി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റിൽ ഇടിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് കുഴഞ്ഞുവീണു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.
ബിസ്കറ്റ് ഉള്ളിൽ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. വായിൽ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും അമ്മ കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തുടർന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും പ്രാഥമിക നിഗമനങ്ങൾ പുറത്തു വിട്ടിട്ടില്ല.
അതേസമയം ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയതെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് നിലത്തു വീണോയെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രക്ഷിതാക്കളോട് ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതിനിടെ കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.













































