തൃശൂർ: സാംസ്‌കാരിക നഗരിയിൽ കായിക ആവേശവും ആരോഗ്യകരമായ ജീവിതശൈലിയും സമന്വയിപ്പിച്ചുകൊണ്ട് നടക്കുന്ന തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തണിന്റെ (TCCM) രണ്ടാം പതിപ്പിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചത്. പരിപാടിയുടെ പ്ലാറ്റിനം സ്‌പോൺസറായ എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പ്, മാരത്തൺ വേദിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഹൈ-പ്രോട്ടീൻ ഉൽപ്പന്നങ്ങളും അത്യാധുനിക ലക്ഷ്വറി ഭവനപദ്ധതിയും അവതരിപ്പിച്ചു.
ആരോഗ്യകരമായ തലമുറയ്ക്കായി എലൈറ്റ്
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരാൻ ‘ബാക്ക് ടു ട്രാക്ക്’ എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തൺ സംഘടിപ്പിക്കുന്നത്. യുവാക്കളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ കരുത്തെന്ന വിശ്വാസത്തിലാണ് എലൈറ്റ് ഗ്രൂപ്പ് ഈ കായിക മുന്നേറ്റത്തിന്റെ ഭാഗമാകുന്നതെന്ന് എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് പ്രസിഡന്റ് രഘുറാം രഘുലാൽ പറഞ്ഞു. യുവാക്കൾ തെറ്റായ വഴികളിലേക്ക് തിരിയാതെ അച്ചടക്കമുള്ള കായിക ജീവിതം നയിക്കാൻ ഈ മാരത്തൺ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലൈറ്റ് ഫുഡ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ദാനീസ രഘുലാൽ ഹൈ-പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ ലോഞ്ച് നിർവ്വഹിച്ചു. ‘ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കുറവായ ശരാശരി ഇന്ത്യൻ സാഹചര്യത്തിൽ, ദൈനംദിന ഭക്ഷണത്തിലൂടെ തന്നെ പോഷകങ്ങൾ ഉറപ്പാക്കുകയാണ് എലൈറ്റ് ഹെൽത്ത് റേഞ്ച് ചെയ്യുന്നത്. 250 ഗ്രാം ലോഫിൽ 40 ഗ്രാം പ്രോട്ടീൻ അടങ്ങിയ ‘എലൈറ്റ് പ്രോട്ടീൻ ബ്രഡ്’, പ്രോട്ടീൻ വർദ്ധിപ്പിച്ച ‘എലൈറ്റ് ഹാഫ് കുക്ക്ഡ് വീറ്റ് പൊറോട്ട’ എന്നിവ കായികതാരങ്ങൾക്കും സാധാരണക്കാർക്കും ഒരുപോലെ ഗുണകരമാണ്,’ അവർ പറഞ്ഞു. മാരത്തൺ ദിനത്തിൽ പങ്കെടുക്കുന്നവർക്കായി എലൈറ്റിന്റെ പ്രത്യേക പോഷകാഹാര കൗണ്ടറുകളും സജ്ജീകരിക്കും.
ഒളിമ്പിയ പാർക്ക്: ആക്ടീവ് ലക്ഷ്വറി ജീവിതം
എലൈറ്റ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ എലൈറ്റ് ഡെവലപ്പേഴ്സ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം അപ്പാർട്ട്മെന്റ് പദ്ധതിയായ ഓളരിയിലെ ‘ഒളിമ്പിയ പാർക്ക്’ അവതരിപ്പിച്ചു. ഫിറ്റ്നസിനും വെൽനസിനും തുല്യ പ്രാധാന്യം നൽകുന്ന ‘ആക്ടീവ് ലക്ഷ്വറി’ എന്ന ആശയത്തിലാണ് ഇത് നിർമിക്കുന്നത്. സിന്തറ്റിക് ട്രാക്കുകൾ, സ്‌പോർട്‌സ് കോർട്ടുകൾ തുടങ്ങിയ ലോകോത്തര സൗകര്യങ്ങൾ വീട്ടുപടിക്കൽ തന്നെ ലഭ്യമാക്കി സജീവമായ ഒരു ജീവിതശൈലി കുടുംബങ്ങൾക്ക് സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് എലൈറ്റ് ഡെവലപ്പേഴ്സ് ഡയറക്ടറും സി.ഇ.ഒയുമായ അർജുൻ രാജീവൻ വ്യക്തമാക്കി.
മാരത്തൺ ജനുവരി 25-ന്
കേരളത്തിലാദ്യമായി 32 കിലോമീറ്റർ ദൈർഘ്യമുള്ള ‘ട്വന്റി മൈലർ’ മത്സര വിഭാഗം ഉൾപ്പെടുത്തിയതാണ് ഈ വർഷത്തെ പ്രത്യേകത. എൻഡുറൻസ് അത്ലറ്റ്സ് ഓഫ് തൃശൂർ (EAT), ജില്ലാ ഭരണകൂടം, സിറ്റി പോലീസ്, കോർപ്പറേഷൻ എന്നിവരുമായി സഹകരിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. കേരള ഗ്രാമീൺ ബാങ്കാണ് ടൈറ്റിൽ സ്‌പോൺസർ. ചടങ്ങിൽ ഇ.എ.ടി പ്രസിഡന്റ് രാമകൃഷ്ണൻ വി.എ, ട്രഷറർ പ്രശാന്ത് പണിക്കർ, എലൈറ്റ് ഫുഡ്സ് ഡി.ജി.എം കെ.എൻ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.














































