ധാക്ക: ഐസിസി പുരുഷ ടി20 ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയതോടെ ഐസിസി–ബിസിബി ഏറ്റുമുട്ടൽ കടുപ്പിക്കുന്നു. ഇന്ത്യയിലേക്ക് ടീം അയക്കില്ലെന്ന നിലപാട് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‌ലാം ബുൽബുൽ വീണ്ടും ആവർത്തിച്ചു.
അതുപോലെ ഐസിസി ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ബിസിബി ആരോപിച്ചു. 2025 ചാമ്പ്യൻസ് ട്രോഫിക്കിടെ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന്, ഇന്ത്യയ്ക്ക് യുഎഇയിൽ എല്ലാ മത്സരങ്ങളും കളിക്കാൻ അനുമതി നൽകിയ സംഭവമാണ് ബിസിബി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
“ഒരു രാജ്യം മറ്റൊരു രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചപ്പോൾ ഐസിസി അവർക്കായി ന്യൂട്രൽ വേദി ഒരുക്കി. ഒരേ ഗ്രൗണ്ടിലും ഒരേ ഹോട്ടലിലും താമസിച്ച് അവർ എല്ലാ മത്സരങ്ങളും കളിച്ചു. അത് ഒരു പ്രത്യേക അവകാശമായിരുന്നു,” അമിനുൽ ഇസ്‌ലാം ഇഎസ്പിഎൻ ക്രിക്ഇൻഫോയെ ഉദ്ധരിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ധാക്കയിൽ നടന്ന നിർണായക യോഗത്തിൽ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവ് ആസിഫ് നസ്രുൽ, ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‌ലാം, സിഇഒ നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു. നൂറുൽ ഹസൻ, ഷമീം ഹുസൈൻ, ഹസൻ മഹ്മൂദ്, നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ, ജാകർ അലി, തൻസീദ് ഹസൻ, സൈഫ് ഹസൻ എന്നിവരുൾപ്പെടെ ദേശീയ ടീമിലെ താരങ്ങളും യോഗത്തിൽ സന്നിഹിതരായിരുന്നു.
അതേസമയം ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് വേദിയാകുന്നത്. ബംഗ്ലാദേശ് കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവും കളിക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം
ഇതിനിടെ, ഹൈബ്രിഡ് മോഡൽ നടപ്പാക്കണമെന്ന് ബിസിബി ഐസിസിയോട് നിർദേശിച്ചു. ശ്രീലങ്കയിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ നടത്താമെന്നതാണ് ആവശ്യം. സഹ ആതിഥേയ രാജ്യമായിട്ടും ശ്രീലങ്കയ്ക്ക് യഥാർത്ഥ പരിഗണന ലഭിക്കുന്നില്ലെന്നും അമിനുൽ ഇസ്‌ലാം ആരോപിച്ചു.
“സർക്കാർ ഇന്ത്യയിൽ കളിക്കാൻ തയ്യാറല്ലെന്ന് ഞങ്ങൾ ഐസിസിയെ അറിയിച്ചു. അതിനാൽ ശ്രീലങ്ക എന്ന ഓപ്ഷൻ മുന്നോട്ടുവെച്ചു. എന്നാൽ അത് പോലും ഐസിസി നിഷേധിച്ചു. ഐസിസിയുമായി ആശയവിനിമയം നടത്തും. ശ്രീലങ്കയിൽ ലോകകപ്പ് കളിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യയിൽ കളിക്കില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് വിട്ടുനൽകണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതോടെയാണ് ഇന്ത്യ–ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളായത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും, ടി20 ലോകകപ്പ് വേദി മാറ്റണമെന്ന് ഐസിസിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് പോകില്ലെന്ന സർക്കാർ തീരുമാനത്തിന് പൂർണ പിന്തുണയുണ്ടെന്ന് ഉപദേഷ്ടാവ് ആസിഫ് നസ്രുൽ വ്യക്തമാക്കി. “ഇന്ത്യയിൽ കളിക്കരുതെന്നത് സർക്കാരിന്റെ വ്യക്തമായ തീരുമാനമാണ്. സുരക്ഷാ ആശങ്കകളാണ് കാരണം,” നസ്രുൽ പറഞ്ഞു. ബുധനാഴ്ച നടന്ന വീഡിയോ കോൺഫറൻസിലൂടെ ഐസിസി ബിസിബിയുടെ ആവശ്യം തള്ളിയതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്.
ബംഗ്ലദേശിന്റെ താരങ്ങൾക്കും ആരാധകർക്കും സുരക്ഷ ഉറപ്പു നൽകാൻ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടതായും ബംഗ്ലദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ആരോപിച്ചു. ‘‘ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. മുസ്തഫിസുറിനെ പുറത്താക്കിയ കാര്യത്തിൽ ഖേദപ്രകടനമില്ല. ഞങ്ങളുടെ താരങ്ങളും ആരാധകരും മാധ്യമപ്രവർത്തകരും സംരക്ഷിക്കപ്പെടുമെന്നു ഉറപ്പു ലഭിച്ചിട്ടില്ല. ഞങ്ങളുടെ തീരുമാനം മാറ്റേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഐസിസിയും ബംഗ്ലദേശിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടില്ല.’’
ഐസിസിക്ക് 24 മണിക്കൂർ സമയമൊന്നും അനുവദിക്കാനാകില്ല. ഞങ്ങൾ പൊരുതുന്നതു തുടരും. ബംഗ്ലദേശിലെ കോടിക്കണക്കിന് ആളുകൾ ആരും ലോകകപ്പ് കാണില്ല. ഐസിസിക്ക് വലിയ നഷ്ടം ഉണ്ടാകും. ബംഗ്ലദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് കളിക്കാം, പക്ഷേ ഇന്ത്യയിൽ വേണ്ട എന്നതു മാത്രമാണു ഞങ്ങളുടെ ആവശ്യം. ശ്രീലങ്കയിലാണെങ്കിൽ ടീമിനെ അയക്കാൻ തയാറാണ്.’’– ആസിഫ് നസ്റുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.















































