ലക്നൗ: ഉത്തർപ്രദേശിൽ കമിതാക്കളായ മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയേയും കെട്ടിയിട്ടു വെട്ടിക്കൊന്നു. യുവതിയുടെ സഹോദരന്മാരാണ് ക്രൂരകൊലപാതകം നടത്തിയത്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന അർമാനാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് അർമാൻ തിരിച്ചെത്തി മൊറാദാബാദിൽ താമസം ആരംഭിച്ചത്. ഈ സമയത്താണു കാജൽ എന്ന യുവതിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇരുവരുടെയും പ്രണയം അറിഞ്ഞ യുവതിയുടെ വീട്ടുകാർ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് വീട്ടുകാരെ അറിയിക്കാതെ കമിതാക്കൾ നാടുവിട്ടു. അർമാന്റെയും കാജലിന്റെയും വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. ഇരുവരെയും കൊലപ്പെടുത്തിയതായി യുവതിയുടെ സഹോദരൻമാർ മൊഴി നൽകി. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലവും ഇവർ പൊലീസിനു കാണിച്ചു കൊടുത്തു. ബുധനാഴ്ച വൈകിട്ട് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൂന്ന് സഹോദരൻമാർക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, അർമാനും കാജലും തമ്മിലുള്ള പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് യുവാവിന്റെ ബന്ധുക്കൾ പറയുന്നത്. നാല് വർഷം സൗദിയിൽ പ്രവാസജീവിതം നയിച്ച അർമാൻ മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്.
















































