നോയിഡ: കനത്ത മൂടൽമഞ്ഞിൽ കാർ നിയന്ത്രണംവിട്ട് ആഴമേറിയ വെള്ളക്കുഴിയിൽ വീണ് ടെക്കി യുവാവിന് ദാരുണാന്ത്യം. നോയിഡയിൽ സോഫ്റ്റ് വെയർ എൻജിനീയറായ യുവരാജ് മെഹ്ത(27)യാണ് മുങ്ങിമരിച്ചത്. വെള്ളിയാഴ്ച രാത്രി നോയിഡ സെക്ടർ 150-ലായിരുന്നു അപകടം.
പ്രദേശത്തെ കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ച മറഞ്ഞതോടെ യുവരാജ് ഓടിച്ചിരുന്ന കാർ ആദ്യം റോഡരികിലെ മതിലിൽ ഇടിക്കുകയും പിന്നാലെ ആഴമേറിയ വെള്ളക്കുഴിയിലേക്ക് പതിക്കുകയുമായിരുന്നു. ഏകദേശം 70-അടിയോളം താഴ്ചയുള്ള വെള്ളംനിറഞ്ഞ വലിയ കുഴിയിലേക്കാണ് കാർ വീണത്.
താൻ അപകടത്തിലാണെന്നറിഞ്ഞ ആ നിമിഷം യുവരാജ് മെഹ്ത പിതാവായ രാജ്കുമാർ മെഹ്തയെ മൊബൈൽ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. ”ഞാൻ വെള്ളംനിറഞ്ഞ കുഴിയിൽവീണു, മുങ്ങിത്താഴുകയാണ്, ദയവായി എന്നെ വന്ന് രക്ഷിക്കൂ, എനിക്ക് മരിക്കാൻ ആഗ്രഹമില്ല പപ്പാ” എന്നാണ് യുവരാജ് ഫോണിലൂടെ പറഞ്ഞത്.
മകന്റെ നിലവിളി കേട്ട ഉടൻതന്നെ പിതാവ് പോലീസിനെയും മറ്റും വിവരമറിയിച്ചു. ഇതിനിടെ, കുഴിയിൽ വീണ കാറിൽനിന്ന് യുവാവിന്റെ നിലവിളി കേട്ട് ചില യാത്രക്കാർ വാഹനം നിർത്തിയെത്തി സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇവരുടെ ശ്രമം ഫലംകണ്ടില്ല. ഈ സമയത്തിനിടെ കാർ പൂർണമായും മുങ്ങിത്താഴ്ന്നു. യുവരാജിനായി രക്ഷാപ്രവർത്തനം നടക്കുമ്പോൾ പിതാവ് രാജ്കുമാർ മെഹ്തയും അപകടസ്ഥലത്തുണ്ടായിരുന്നു. എന്നാൽ, മകന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ നിസ്സഹായനായി കണ്ണീരോടെ നോക്കിനിൽക്കാനെ അദ്ദേഹത്തിനായുള്ളൂ…
പോലീസും മുങ്ങൽവിദഗ്ധരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി ഏകദേശം അഞ്ചുമണിക്കൂറോളം കഴിഞ്ഞശേഷമാണ് രക്ഷാപ്രവർത്തകർക്ക് കാർ ഉയർത്താനായത്. എന്നാൽ, അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. അതേസമയം, സംഭവത്തിൽ യുവാവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. റോഡിനോട് ചേർന്നുള്ള മതിലിൽ റിഫ്‌ളക്ടർ സ്ഥാപിച്ചിരുന്നില്ലെന്നും ഇതാണ് മൂടൽമഞ്ഞിനിടെ അപകടത്തിന് കാരണമായതെന്നും കുടുംബം പറഞ്ഞു.















































