മുഹമ്മദ് റിയാസിന്റെ മരാമത്ത് വകുപ്പിന്റെ കഴിവുകേടു മറക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും കൺസൾട്ടിംഗ് ഫീസ് ആയി മുഖ്യമന്ത്രി 9 കോടി അനുവദിച്ചിരിക്കുന്നു. വീടെവിടെ കൊങ്ങികളേ…. നിങ്ങളുടെ വീടുകളുടെ സ്ഥലമെങ്കിലും കാണിച്ചു തരൂ…. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോകത്ത് ഇടതു ഹാന്റിലുകൾ കോൺഗ്രസിനെ പരിഹസിക്കുന്നതിന്റെ മറവിൽ ഇടത് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ള എന്തൊക്കെയാണെന്ന് നോക്കാം.
വയനാട്ടിലെ ദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്കും കൂടി ആകെ 1303 കോടി രൂപ ലഭിച്ചിട്ട് ആകെ 100 കോടി രൂപമാത്രമാണ് ഇത്രനാൾ കൊണ്ട് ചെലവാക്കിയതെന്ന വാസ്തവമിരിക്കെയാണ് ഇടതു സൈബർ ഹാന്റിലുകൾ ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നത്. എന്നാൽ ആ വസ്തുതകളേക്കാൾ ഗുരുതരമായ ഒരു സംഗതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മുണ്ടക്കൈ – ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നാലുകോടി ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി എഴുന്നൂറ് രൂപ ചെലവഴിക്കാനാണ് സർക്കാർ ഉത്തരവിലൂടെ അനുമതി നൽകിയിരിക്കുന്നത്. എന്തിനാണ് ഈ തുക ചെലവഴിച്ചതെന്നറിയേണ്ടേ. വയനാട് ടൗൺഷിപ്പ് പ്രോജക്ടിന്റെ കൺസൾട്ടിംഗ് ഫീസ് ആയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ആകെ തുക 9 കോടിയിലധികം വരും. അതിന്റെ പകുതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കിഫ്ബിയുടെ തന്നെ ഒരു ഉപ വിഭാഗമായ കിഫ്കോൺ എന്ന സ്ഥാപനത്തിനാണ് ഈ തുക നൽകിയിട്ടുള്ളത്. വയനാട്ടിൽ ദുരന്ത നിവാരണത്തിനായി പ്രവർത്തിച്ചത് സർക്കാരിന്റെ റവന്യൂ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ചേർന്നായിരുന്നു. അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഊരാളുങ്കൽ സൊസൈറ്റിയുമാണ്. എന്നിട്ടും 9 കോടിയിലധികം രൂപ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ഏജൻസിക്ക് കൺസൾട്ടിംഗ് ഫീ ആയി നൽകുന്നു.
ഇതിൽ എന്താണ് കുഴപ്പമെന്നായിരിക്കും ആലോചിക്കുന്നത് അല്ലേ. സർക്കാർ നടത്തുന്ന പദ്ധതിക്കായി സർക്കാരിന്റെ തന്നെ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ഉണ്ടായിരിക്കെ അവിടെ എൻജിനീയർമാരും വിദഗ്ദരും സർക്കാർ ശമ്പളം വാങ്ങിക്കൊണ്ടിരിക്കെ ഇത്ര വലിയ തുക കൺസൾട്ടിംഗ് ഫീസ് എന്ന പേരിൽ പുറത്ത് ഒരു ഏജൻസിക്ക് അതും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുന്നതിന്റെ ന്യായം എന്താണ്. മുഹമ്മദ് റിയാസ് മന്ത്രിയായ പൊതുമരാമത്ത് വകുപ്പ് ഒന്നിനും കൊള്ളാത്ത വകുപ്പാണെന്നാണോ ഇതിൽ നിന്നും മനസിലാക്കേണ്ടത്. 9 കോടി രൂപയെന്നത് സർക്കാർ കണക്ക് വച്ച് നോക്കിയാൽ തന്നെ 50 വീടുകളെങ്കിലും പണിയുന്നതിനുള്ള തുകയാണെന്നത് കൂടി ഓർക്കണം.
2018 ലെ പ്രളയത്തിന്റെ പുനരധിവാസ സമയത്തും സർക്കാർ ഇതുപോലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കെ പി എം ജി പോലെയുള്ള വിദേശ കമ്പനികളെ കൺസൾട്ടൻസി ആക്കിയത് വലിയ വിവാദമായിരുന്നതാണ്. സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് ഉണ്ടായിരിക്കെ വലിയ തുക ഇത്തരം കൺസൾട്ടൻസികൾക്ക് ചുമ്മാ ഫീസായി നൽകുന്നത് മറ്റ് പല ഉദ്ദേശങ്ങളോടെയാണെന്ന് വിമർശനം ഉയർന്നിരുന്നതാണ്. പിന്നീട് ഇത്തരം കൺസൾട്ടൻസികൾ കൂടുതൽ വിവാദത്തിലായത് സ്വപ്ന സുരേഷിനെപോലെയുള്ളവരെ നിയമിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളിലൂടെയാണ്.
അതേ പാറ്റേണിലാണ് ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്തും കൺസൾട്ടൻസികൾ സർക്കാർ വകുപ്പുകൾക്ക് മീതെ ഫീസും വാങ്ങി പോകുന്നത്. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണെന്നതാണ് അതിലേറെ ഗുരുതരമാവുന്നത്. എന്തായാലും കേന്ദ്ര സർക്കാർ സാമ്പത്തികമായി ബുദ്ധമുട്ടിക്കുന്നു എന്ന് പറഞ്ഞ് സത്യാഗ്രഹം നടത്തുന്നതിനിടയിലാണ് സർക്കാർ വകുപ്പിൽ ശമ്പളം പറ്റി ഉദ്യോഗസ്ഥർ ഇരിക്കെ അതേ ജോലി പുറത്തെ ഏജൻസികൾക്ക് ഏൽപിച്ച് കോടിക്കണക്കിന് രൂപ വെറുതെ ഫീസ് ഇനത്തിൽ മാത്രം ദുർവ്യയം ചെയ്യുന്നതെന്നോർക്കണം. കൈയിൽ പിരിഞ്ഞു കിട്ടിയ തുക മുഴുവൻ വകമാറ്റി ചിലവഴിച്ച ശേഷം ഇപ്പോഴും പുനരധിവാസം നടത്താതെ ഡയലോഗടിയിൽ മാത്രം മുന്നിൽ നിൽക്കുന്ന സർക്കാരിന്റെ ന്യായീകരണതൊഴിലാളികളാണ് മറ്റുള്ളവർ എന്തു ചെയ്തു എന്ന പരിഹാസം ഉയർത്തുന്നത്. എന്തായായലും കോൺഗ്രസ് വയനാട്ടിൽ വീടുകൾ പണിയാനുള്ള സ്ഥലം വാങ്ങിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച തുകയും ചെലവഴിച്ച തുകയും സർക്കാരിന്റെ കൈയിൽ ഇനി ബാക്കിയുള്ള തുകയും കൂടെ ഒന്ന് നോക്കാം.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ടി സിദ്ധിഖ് എം എൽ എ ഇതു സംബന്ധിച്ച് ചില ചോദ്യങ്ങൾ സർക്കാരിനോട് ചോദിക്കുകയും മുഖ്യമന്ത്രി അതിനു മറുപടി നൽകുകയുമുണ്ടായി. ആ ചോദ്യത്തിലും ഉത്തരത്തിലും ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനത്തിലെ സർക്കാരിന്റെ നിലപാടും അവസ്ഥയും വ്യക്തമാവുന്നുണ്ട്.
ആദ്യത്തെ ചോദ്യം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയെക്കുറിച്ചും അതിന്റെ ചെലഴിക്കലിനേയും കുറിച്ചാണ്. അതിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ വിവരങ്ങൾ ഇവയാണ്. ദുരിതാശ്വാസ നിധിയിൽ ആകെ ലഭിച്ച തുക 773 കോടി 98 ലക്ഷം രൂപ. ഇതുകൂടാതെ കേന്ദ്ര സർക്കാരിൽ നിന്നും 529.50 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അതിൽ നിന്നും 13 ഇനങ്ങളിലായി ആകെ 100 കോടി 41 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 2025 സപ്തംബർ 16 വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി സഭയ്ക്കു മുന്നിൽ വച്ചത്.
ആ രേഖകൾ പ്രകാരം നോക്കിയാൽ ലഭിച്ച തുകയിൽ 1203.07 കോടി രൂപയിലേറെ ബാക്കിയുണ്ട്. അതായത് ലഭിച്ച തുകയുടെ 7 ശതമാനം മാത്രമാണ് ഒരു വർഷത്തിനിപ്പുറവും ചെലവഴിച്ചിരിക്കുന്നത്. കിട്ടിയ തുകയുടെ 93 ശതമാനവും ഉപയോഗിക്കാതിരിക്കുന്നവരാണ് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യമുയർത്തുന്നത് എന്നതാണ് രസകരം.
ഇനി ചെലവഴിക്കപ്പെട്ട തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. ദുരന്ത ബാധിതർക്കുള്ള അടിയന്തിര ധനസഹായമായി 7 കോടി 65 ലക്ഷം രൂപ നൽകിയിട്ടുണ്ട്. വീട്ടു വാടക ഇനത്തിൽ 50 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
ഇനി അടുത്ത് പറയാൻ പോകുന്ന ചെലവുകളാണ് വളരെ പ്രധാനപ്പെട്ട ചെലവുകൾ. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി44 കോടി 34 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കൂടാതെ അവിടെ വീടുകൾ പണിയുന്നതിനായി നിർമ്മാണ പ്രവർത്തനം നടത്തുന്ന കമ്പനിക്ക് 20 കോടി മുൻകൂറായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ആ തുക ഊരാളുങ്കിലിനാവുമെന്ന് കരുതാം. അടുത്തതായി ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച 107 കുടുംബങ്ങൾക്കുള്ള ധനസഹായം നൽകിയതാണ്. ഒരു കുടുംബത്തിന് 13 ലക്ഷം എന്ന നിരക്കിൽ ആകെ 13 കോടി 91 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചിട്ടുള്ളത്. ഇതുകൂടാതെ ടൗൺഷിപ്പ് പദ്ധതിയുടെ പ്രാരംഭ ചെലവുകൾ എന്നപേരിൽ 40 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. അതുപോലെ ടൗൺഷിപ്പ് പ്രോജക്ടിന്റെ PIU സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾ എന്ന പേരിൽ 72 ലക്ഷത്തി 66 ആയിരം രൂപയും ചെലവഴിച്ചതായി അറിയിച്ചിട്ടുണ്ട്.
അടുത്തതായി കുടുംബശ്രീ അംഗങ്ങൾക്കുള്ള ഉപജീവന ധന സഹായമായി നൽകിയ 3 കോടി 91 ലക്ഷം രൂപയാണ്. തുടർ ചികിത്സാ പദ്ധതിക്ക് 6 കോടി രൂപയും ഇതിൽ നിന്നും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സഹായമായി 2 കോടി 10 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇതുകൂടാതെ പുനരധിവാസ പദ്ധതിക്ക് വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് കെ എസ് ഇ ബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപയും പൈപ്പ് ലൈനുകൾ മാറ്റുന്നതിന് വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയിട്ടുണ്ട്.
ഇതിനൊക്കെ പുറമേ ടൗൺഷിപ്പ് പണിയുന്നതിനായി മരം മുറിക്കുന്നതിന് 2 ലക്ഷത്തി 81 ആയിരം രൂപയും ചെലവായിട്ടുണ്ട്. എല്ലാം കൂടെ 101 കോടി 46 ലക്ഷം രൂപയാണ് ചെലവായത്.
അടുത്ത ചോദ്യം വയനാട് പുനരധിവാസത്തിനായി കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച സഹായങ്ങളെക്കുറിച്ചായിരുന്നു.
അതിനു മറുപടിയായി മുഖ്യമന്ത്രി മൂന്ന് കാര്യങ്ങളാണ് വിശദമാക്കിയത്. ആദ്യത്തേത് മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക ധനസഹായത്തിൽ ഉൾപ്പെടുത്തി 529.50 കോടി രൂപ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ട്. കൂടാതെ PDNA റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 260.65 കോടി അനുവദിച്ചുവെങ്കിലും തുക ഇതുവരെ ലഭിച്ചിട്ടില്ല.ഇതു കൂടാതെ എയർലിഫ്റ്റിംഗ് ചാർജ് ആയി കേന്ദ്രത്തിന് നൽകേണ്ടിയിരുന്ന 120 കോടി രൂപ ഹൈക്കോടതി നിർദേശത്തിനെത്തുടർന്ന് വയനാട് ദുരിതബാധിതർക്കായി ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്.
ഇതിന്റെ ചെലവുകൾ സംബന്ധിച്ച് വിശദാംശങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.
അതിൽ ഒരു പ്രധാന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ള കണക്കാണ് നൽകിയതെന്ന് പറയേണ്ടി വരും. കേന്ദ്രം നല്കിയ 530 കോടിയുടെ ചെലവ് സംബന്ധിച്ച കണക്കിൽ 50 കോടിക്കുമേൽ വരുന്ന 3 കാര്യങ്ങളാണ് പറയുന്നത്. അതിൽ ആദ്യത്തേത് എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിലെ റോഡുകൾ നിർമിക്കുന്നതിനായി 87 കോടി ചെലവാണ് അനുബന്ധം 2 ൽ ഒന്നാമത്തെ ഇനമായി കാണിച്ചിട്ടുള്ളത്. പിന്നെ രണ്ടാമതായി പുന്നപ്പുഴ 8 കിലോമീറ്റർ വൃത്തിയാക്കി പഴയ പോലെ ആക്കുന്നതിനായി ജലസേചന വകുപ്പിന് നൽകുന്ന 65 കോടി രൂപയാണ്.
എന്നാൽ അടുത്ത ചെലവിനമാണ് ശരിക്കും കൺഫ്യൂഷൻ ആക്കുന്നത്. ഒന്നാമത്തെ ഇനമായി 87 കോടിയുടെ ചെലവ് കാണിച്ച ടൗൺഷിപ്പിലെ റോഡുകളുടെ നിർമ്മാണം വീണ്ടും 27 ആമത്തെ ഇനമായി വന്നിരിക്കുന്നു. ഇത്തവണ തുക വ്യത്യാസമുണ്ട് 74.72 കോടി രൂപയാണ്. നടപ്പാക്കുന്ന ഏജൻസിയും ഒരേ ഏജൻസി തന്നെയാണ്. അതായത് 44 കോടി രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങൾക്കിടയിലൂടെ റോഡ് നിർമിക്കാനായി ചെലവ് 161 കോടി രൂപ. വീടിനു പോലും ആകെ 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്നോർക്കണം. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി എന്ന പഴഞ്ചൊല്ല് ആരെങ്കിലും ഓർത്താൽ അവരെ കുറ്റം പറയാനാവില്ല.
എന്തായാലും കേന്ദ്ര സർക്കാർ നൽകിയ ഈ തുകയിൽ നിന്ന് പനമരത്തും വൈത്തിരിയിലും മാനന്തവാടിയിലും ഫയർ സ്റ്റേഷൻ നിർമ്മിക്കാനായി തുക വകയിരുത്തിയിട്ടുണ്ട് സംസ്ഥാന സർക്കാർ. പൊരാതെ കൽപെറ്റ സിവിൽ സ്റ്റേഷനിൽ ഒരു പുതിയ ബ്ലോക്ക്, മുള്ളൻകൊല്ലി, പടിഞ്ഞാറേ തറ, കൊട്ടാത്തറ, പനമരം എന്നിവിടങ്ങളിൽ ഷെൽട്ടർ ഹോമുകൾ എന്നിവയും കേന്ദ്ര സർക്കാർ അനുവദിച്ച തുകകൊണ്ട് നിർമിക്കുന്നുണ്ട്. ഇതു കൂടാതെ സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി, 110 കെ വി സബ്സ്റ്റേഷൻ എന്നിവ കൂടാതെ 6 ഹെലിപാഡുകളും അപ്രോച് റോഡുകളും ഈ തുക കൊണ്ട് നിർമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ 24 കോടി രൂപ കൊണ്ട് മറ്റ് പൊതു കെട്ടിടങ്ങളും സൗകര്യങ്ങളും നിർമിക്കാനും പദ്ധതിയിടുന്നു.
ഇനി കേന്ദ്രസർക്കാർ മുണ്ടക്കൈ ദുരിതബാധിതർക്കായി മാത്രം അനുവദിക്കണമെന്ന് പറഞ്ഞ തുക കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ കൂടി നോക്കാം. ഒന്നു കൂടെ പ്രത്യേകം പറയട്ടെ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് മാത്രമായി ചെലവഴിക്കുന്നതിനായി അനുവദിച്ച തുകയാണ്.ചൂരൽ മലയിലെ മൃഗാശുപത്രി നിർമ്മാണം 2 കോടി രൂപ, ചൂരൽമല ഹെൽത്ത് സബ് സെന്റർ നിർമ്മാണം 5 കോടി രൂപ, ചൂരൽമലയിലെ പാൽ സൊസൈറ്റി ബിൽഡിംഗ് നിർമ്മാണം 3 കോടി രൂപ, ചൂരൽ മല അംഗനവാടി നിർമ്മാണം 50 ലക്ഷം രൂപ, വില്ലേജ് ഓഫീസിന്റേയും ജീവനക്കാർക്കുള്ള 2 സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ യും നിർമ്മാണത്തിന് 2 കോടി രൂപ എന്നിങ്ങനെ പോകുന്നു ആ ചെലവുകൾ.
അതിൽ രസകരമായി തോന്നിയ ചിലത് മാത്രം എടുത്ത് പറയട്ടെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ടൗൺഷിപ്പിൽ വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായി കെ എസ് ഇ ബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപ അനുവദിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 20 കോടി രൂപ ഇതേ കെ എസ് ഇ ബി ക്ക് അണ്ടർഗ്രൗണ്ട് കേബിളിംഗിന് എന്ന് പറഞ്ഞ് നൽകുന്നു. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പൈപ്പ് ലൈൻ മാറ്റുന്നതിനായി വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപ നൽകിയിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 5 കോടി രൂപ പൊതു ഓഫീസുകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് നൽകുന്നു. ഓർക്കണം വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി ചെലവഴിക്കണം എന്ന് പറഞ്ഞ് നൽകിയ തുകയാണ് വില്ലേജ് ഓഫീസും സ്റ്റാഫ് ക്വാർട്ടേഴ്സും പാൽ സൊസൈറ്റി ബിൽഡിംഗും ഒക്കെ പണിയാനായി ചെലവഴിക്കുന്നത്.
എന്തായാലും ചൂരൽമല ദുരന്തബാധിതർക്കായി 773 കോടി പൊതു ജനങ്ങളിൽ നിന്നും 530 കോടി കേന്ദ്ര സർക്കാരിൽ നിന്നും ഉൾപ്പെടെ ആകെ 1303 കോടി രൂപ സർക്കാരിന് ലഭിച്ചതിൽ 100 കോടി മാത്രമാണ് ചെലവായിരിക്കുന്നത്. ബാക്കി 1203 കോടി സർക്കാരിന്റെ കൈയിൽ ഇപ്പോഴും ഉണ്ട്. 260 കോടി കൂടി ഉടൻ കേന്ദ്രത്തിൽ നിന്നും കിട്ടാനും ഉണ്ട്. അതു കൂടെ നോക്കിയാൽ 1463 കോടിയാണ് വയനാടിനായി സർക്കാർ ഖജനാവിൽ ബാക്കിയുള്ളത്. അതിൽ മുകളിൽ പറഞ്ഞ സർക്കാർ ഓഫീസുകളുടെ കെട്ടിടങ്ങളുൾപ്പെയുള്ള നിർമ്മാണങ്ങൾക്കും മറ്റുമായി 624 കോടി രൂപയുടെ പദ്ധതി മാത്രമാണ് സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. അതായത് കൈയിലുള്ള 839 കോടി എന്തു ചെയ്യണമെന്ന പദ്ധതിപോലും ഇതുവരെ സംസ്ഥാന സർക്കാർ മുണ്ടക്കൈ ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഈ രേഖയിലൂടെ സ്വയം സമ്മതിക്കുന്നത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ പോലും ധൂർത്തടിക്കുകയും ദുരുപയോഗം ചെയ്യുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന കണക്കുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിലെ ഏറ്റവും പുതിയതാണ് കൺസൾട്ടിംഗ് ഫീസ് ഇനത്തിൽ ചെലവാക്കുന്ന കോടികൾ.

















































