ഡമാസ്കസ്: സിറിയയിൽ യു.എസിന്റെ വൻ വ്യോമാക്രമണം. ശനിയാഴ്ച അർധരാത്രിയോടെയാണ് യു.എസ് ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. സിറിയയിലുടനീളമുള്ള നിരവധി ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ യുഎസ് തകർത്തു.യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു വ്യോമാക്രമണം. ഐ.എസിന്റെ നിരവധി കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടു.
കഴിഞ്ഞ മാസം സിറിയയിലുണ്ടായ ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു .എഡ്ഗർ ബ്രയാൻ ടോറസ്-ടോവർ, വില്യം നഥാനിയേൽ ഹോവാർഡ്, അയാദ് മൻസൂർ സകത്ത് എന്നിവരാണ് ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനു പ്രതികാരമായാണ് യു.എസ് കനത്ത തിരിച്ചടി നടത്തിയത്.
‘‘ഞങ്ങളുടെ സന്ദേശം ശക്തമായി തുടരുന്നു. ഞങ്ങളുടെ ആളുകളെ ഉപദ്രവിച്ചാൽ, രക്ഷപ്പെടാൻ എത്ര ശ്രമിച്ചാലും ലോകത്തെവിടെയും എത്തി ഞങ്ങൾ നിങ്ങളെ കൊല്ലും’’ – ആക്രമണത്തിനു ശേഷം യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ‘ഓപ്പറേഷൻ ഹോക്ക് ഐ സ്ട്രൈക്ക്’ എന്നാണ് ഐഎസിനെതിരായ ആക്രമണത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
ഡിസംബർ 19 നും സിറിയയിൽ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. മധ്യ സിറിയയിലുടനീളമുള്ള 70 ഐഎസ് കേന്ദ്രങ്ങളാണ് യു,എസ് അന്ന് ഉന്നംവച്ചത്. കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സാണ് ഏറെ നാളുകളായി സിറിയയിലെ ഐഎസിനെതിരെയുള്ള പോരാട്ടത്തിൽ യു.എസിനൊപ്പം നിന്നത്. എന്നാൽ 2024 ഡിസംബറിൽ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കപ്പെട്ടതോടെ, സിറിയൻ ഔദ്യോഗിക സർക്കാരിന്റെ സഹകരണത്തോടെയാണ് യു.എസ് ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നത്. നിലവിൽ സിറിയയിൽ അലപ്പോയിൽ കുർദിഷ് സേനയും സിറിയൻ ഔദ്യോഗിക സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ് അതിനിടെയാണ് ഐഎസിനെതിരായ യുഎസ് ആക്രമണം.


















































