ന്യൂഡൽഹി: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഇന്ത്യയിൽ നിശ്ചയിച്ച മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പാടെ തള്ളിയതായി റിപ്പോർട്ട്. ജയ്ഷാ അധ്യക്ഷനായ സമിതി ബംഗ്ലാദേശിന്റെ ഈ അഭ്യർഥന നിരസിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഒരു വീഡിയോ കോൾ നടന്നെന്നും ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി നിരസിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ടി20 ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ബാധ്യസ്ഥരാണ്, അല്ലാത്തപക്ഷം ടൂർണമെന്റിൽ പോയിന്റുകൾ നഷ്ടപ്പെടുമെന്നും ഐസിസി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു.
അതേസമയം മുസ്താഫിസുറിനെ വിട്ടയക്കൽ സംബന്ധിച്ച് ഐപിഎൽ ഗവേണിങ് കൗൺസിലോ, ബിസിസിഐയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ചർച്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ബിസിസിഐ മാനേജ്‌മെന്റിന്റെ ഏറ്റവും ഉയർന്ന തലത്തിൽനിന്നുള്ള തീരുമാനമാണ് ഇതെന്നും പറയപ്പെടുന്നു. അതേസമയം നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ബംഗ്ലാദേശ് ദേശീയ ടീം ടൂർണമെന്റിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്നാണ് ബിസിബി ഡയറക്ടർ ബോർഡിന്റെ തീരുമാനം.
ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ടി20 ലോകകപ്പ് നടക്കുക. സി-യിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്.















































