ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരം ഉറപ്പിക്കാൻ ആവനാഴിയിലെ സകല അസ്ത്രവുമെടുത്ത് പ്രയോഗിക്കാൻ കോൺഗ്രസ് പാർട്ടി. 2026 ൽ ഭരണമുറപ്പിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയിൽ കേരളത്തിൽ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടിൽ ഒത്തുകൂടിയ ക്യാമ്പ് ആദ്യ ദിവസം അവസാനിച്ചമ്പോൾ അധികാരം ഉറപ്പാണെന്നാണ് ഒരേ സ്വരത്തിൽ നേതാക്കൾ പറയുന്നത്. എങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തന്ന പാഠം ഉൾക്കൊണ്ട് അമിത ആത്മവിശ്വാസം വേണ്ടെന്നും നേതാക്കൾ പറയുന്നു.
നിലയിൽ 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിൻറെ വിലയിരുത്തൽ. മേഖല തിരിച്ചുള്ള അവലോകന യോഗത്തിൽ ആണ് ഈ വിലയിരുത്തലുണ്ടായത്. 5 ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റിൽ യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ. മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് ക്യാമ്പിലെ വിലയിരുത്തൽ.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. 100 സീറ്റിലെ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള തന്ത്രങ്ങളാണ് ക്യാമ്പിൽ ഉയരുന്നത്. ഇതിനിടെ കോൺഗ്രസ് നേതാക്കൾ നിർണായക ചർച്ചകൾ നടത്തുമ്പോൾ തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും എത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃയോഗത്തിലടക്കം സുനിൽ കനഗോലുവും പങ്കെടുക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കെപിസിസി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു നിയമസഭാ തെരഞ്ഞെടുപ്പിലും കരുക്കൾ നീക്കാനുള്ള തയാറെടുപ്പിലാണ്. കൂടാതെ കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്.
നേതാക്കളുടെ ജില്ല തിരിച്ചുള്ള കണക്ക് കൂട്ടൽ ഇങ്ങനെ
കാസർഗോഡ് – 3, കണ്ണൂർ – 4, കോഴിക്കോട് – 8, വയനാട് – 3, മലപ്പുറം – 16, പാലക്കാട് – 5, തൃശ്ശൂർ – 6, എറണാകുളം – 12, ഇടുക്കി – 4, കോട്ടയം – 5, ആലപ്പുഴ – 4, പത്തനംതിട്ട – 5, കൊല്ലം – 6, തിരുവനന്തപുരം – 4
















































