തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പുറത്ത്. വടക്കാഞ്ചാരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ഇ യു ജാഫർ, കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റായ എഎ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മിൽ സംഭാഷണമുണ്ടായത്.
ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെ- ‘രണ്ട് ഓപ്ഷനാണ് സിപിഎം നൽകുന്നത്. ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് നൽകാം.’ ഇതായിരുന്നു സിപിഎം നൽകിയ ഓഫർ. പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവർത്തകൻ പാർട്ടിയെ അറിയിച്ചു. ഈ സംഭവത്തിൽ കോൺഗ്രസ് നൽകിയ പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു.
അതേസമയം എൽഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങൾ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ലീഗ് സ്ഥാനാർത്ഥി കൂറുമാറി വോട്ട് ചെയ്തതിന് പിന്നാലെ പഞ്ചായത്ത് ഭരണം എൽഡിഎഫ് സ്വന്തമാക്കുകയായിരുന്നു. കൂടാതെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എത്താതെ ജാഫർ മാറി നിൽക്കുകയും ചെയ്തു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന്റെ കയ്യിലായി. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ ജാഫർ അംഗത്വം രാജിവെച്ചുകൊണ്ട് കത്തും നൽകി. യുഡിഎഫിനൊപ്പം നിന്നാൽ ഇരു പാർട്ടികളും ഏഴ് വോട്ടുകൾ നേടി സമനിലയിൽ എത്തും. അതുകൊണ്ട് തനിക്ക് നേട്ടമൊന്നും ഉണ്ടാകില്ലല്ലോ എന്ന് ജാഫർ ചോദിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. അതുപോലെ എൽഡിഎഫിന്റെ പക്കൽ നിന്ന് പണം ലഭിച്ചാൽ തന്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കുമെന്നും ജാഫർ പറയുന്നുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി പിഐ ഷാനവാസാണ് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടത്. ജാഫർ താനുമായി സംസാരിച്ച സംഭാഷണ രേഖയാണ് പുറത്തുവന്നതെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വിശദീകരണം.
2010ൽ തുടങ്ങി തുടർച്ചയായ 15 വർഷങ്ങൾ എൽഡിഎഫ് ഭരിച്ചിരുന്ന ഇടമാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്. 2020ൽ 13 സീറ്റുകളിൽ 11ഉം സ്വന്തമാക്കി എൽഡിഎഫ് ഭരണത്തിലെത്തിയ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത്തവണ ഇരുപാർട്ടികൾക്കും തുല്യ വോട്ടുകൾ ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത്. 15 വർഷമായി തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ബ്ലോക്കിലെ ഭരണം നിലനിർത്തുന്നതിനാണ് എൽഡിഎഫ് പണം നൽകി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് നിഗമനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ കെ വി നഫീസയാണ് ജാഫറിന്റെ വോട്ടിലൂടെ വിജയിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്.


















































