ഇസ്ലാമാബാദ്: വർഷങ്ങൾക്കു മുൻപ് ഗർഭനിരോധന പരസ്യങ്ങൾ ടെലിവിഷൻ–റേഡിയോയിൽ പൂർണ്ണമായും നിരോധിച്ച അതേ പാക്കിസ്ഥാൻ ജനസംഖ്യ വളരെ വേഗത്തിൽ വർദ്ധിക്കുന്നതിനാൽ ഗർഭനിരോധന മാർഗങ്ങൾക്കുള്ള 18 ശതമാനം ജിഎസ്ടി ഉടൻ പിൻവലിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)ക്കു മുന്നിൽ. എന്നാൽ ഈ ആവശ്യം അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തള്ളി . അടുത്ത ഫെഡറൽ ബജറ്റിൽ മാത്രമേ ഇക്കാര്യത്തിലുള്ള ഇളവുകൾ പരിശോധിക്കാൻ കഴിയൂ എന്ന് ഐഎംഎഫ് പറയുന്നു.മാത്രമല്ല നികുതി ഇളവുകൾ നടപ്പാക്കിയാൽ സംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്നുള്ള മുന്നറിയിപ്പുമുണ്ട് . സാനിറ്ററി പാഡുകൾക്കും ബേബി ഡയപ്പറുകൾക്കും നികുതി ഇളവ് നൽകണമെന്ന നിർദ്ദേശങ്ങളെയും ഐഎംഎഫ് എതിർത്തു.
അതേസമയം പാക്കിസ്ഥാൻ കടുത്ത ജനസംഖ്യാ വളർച്ച നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനങ്ങൾ. ഏകദേശം 2.55 ശതമാനം ജനസംഖ്യാ വളർച്ചാ നിരക്കാണ് രാജ്യത്തിനുള്ളത്. ഇത് പാക് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഐഎംഎഫിൽ നിന്ന് നിന്ന് വൻ തുക വായ്പ എടുത്തതിനാൽ നികുതി, ചെലവ്, വരുമാനം എന്നിവയ്ക്ക് കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്ന ഐഎംഎഫ് ബെയ്ൽഔട്ട് പ്രോഗ്രാമിന് കീഴിലാണ് പാക്കിസ്ഥാൻ ഇപ്പോഴുള്ളത്. ഇതുവരെ, ഐഎംഎഫ് ഏകദേശം 3.3 ബില്യൺ ഡോളർ വിതരണം ചെയ്തിട്ടുണ്ട്. പിന്നീട് 1.2 ബില്യൺ ഡോളർ കൂടി അനുവദിച്ചിട്ടുണ്ട്.
ഇതിനിടെ, പാക്കിസ്ഥാൻ തങ്ങളുടെ ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോവുകയാണ്. ഐഎംഎഫ് വ്യവസ്ഥകൾ പാലിക്കുന്നതിനും സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാക്കിസ്ഥാൻ പരസ്യങ്ങൾ നിരോധിക്കാൻ പറഞ്ഞ കാരണങ്ങൾ ഇങ്ങനെ-
ഗർഭനിരോധന പരസ്യങ്ങൾ നൽകിയാൽ കുട്ടികൾ ലൈംഗികതയെക്കുറിച്ച് അറിയുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി രാജ്യത്ത് ഗർഭനിരോധന ഉപകരണങ്ങളുടെയും ജനനനിയന്ത്രണത്തിന്റെയും ടെലിവിഷൻ–റേഡിയോ പരസ്യങ്ങൾ പൂർണ്ണമായും നിരോധിച്ചു.
പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PEMRA) ‘കുട്ടികളുടെയും യുവാക്കളുടെയും നിസ്സാരവും നിർമലവുമായ മനസുകൾ സംരക്ഷിക്കാനായി’ കോൺഡം പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യരുതെന്ന് ബ്രോഡ്കാസ്റ്റർമാർക്ക് നിർദേശം നൽകി. ഇത്തരം പരസ്യങ്ങൾ കുട്ടികളിൽ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ‘കൗതുകം’ ഉണ്ടാക്കുമെന്ന് പൊതുജനം ആശങ്കപ്പെടുന്നുവെന്നുമാണ് ഉത്തരവിൽ പറയുന്നത്.
















































