കൊല്ലം: നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ സിപിഒ നവാസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സേനയുടെ അന്തസിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.
നവംബർ ആറാം തീയതി പുലർച്ചെയാണ് നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്. ഇതോടെ പോലീസുകാരി ചവറ സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നവാസിനെ അറസ്റ്റ് ചെയ്തു. പിന്നാലെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. എസിപി അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണനാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.



















































