ബെംഗളൂരു: ഒരു വയസുള്ള മകളെ വിട്ടുകിട്ടാൻ കന്നഡ സിനിമ- സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി. ഭർത്താവും നിർമാതാവുമായ ഹർഷവർധന്റ നിർദേശാനുസരണമാണ് കാറിൽ ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഭർത്താവ് ഹർഷവർധനും. ഇതിനിടെ ഒരു വയസുള്ള മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാൻ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്ന് ഇയാൾ പോലീസ് അറിയിച്ചു.
അതേസമയം 2023ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. വേർപിരിയലിനു ശേഷം ചൈത്ര സീരിയൽ നടിയായി തുടരുകയായിരുന്നു. ഇതിനിടെ ഡിസംബർ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകവെയാണ് ഹർഷവർധന്റെ നിർദേശാനുസരണം കൗശിക്ക് എന്നയാൾ കൃത്യം നടത്തിയത്. തട്ടിക്കൊണ്ടു പോകാനായി 20,000 രൂപ അഡ്വാൻസായി നൽകിയതായും ആരോപിക്കപ്പെടുന്നു.
മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ താൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ അർസികെരെയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു, പിന്നാലെ ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ ചൈത്രയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു.

















































