ന്യൂഡൽഹി: വേതനം മുഴുവൻ കേന്ദ്രം നൽകിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദ് ചെയ്ത് പുതിയ നിയമം കൊണ്ടുവരാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ഗാന്ധിജിയെ പൂർണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി– ജി റാം ജി) എന്ന തലക്കെട്ടോടെയാണ് ബിൽ അവതരിപ്പിച്ചത്.
ബില്ലിനെതിരെ വൻ പ്രതിഷേധമാണ് ലോക്സഭയിൽ നടന്നത്. ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം.ഗാന്ധി തന്റെ കുടുംബത്തിന്റെതല്ലെന്നും ഗാന്ധി രാജ്യത്തിന്റെതാണെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട് എംപിയായ പ്രിയങ്കാ ഗാന്ധി ബില്ലിനെതിരെ പ്രതിഷേധിച്ചത്.
എന്നാൽ പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിർക്കുന്നത് എന്തുകൊണ്ടെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ചോദിച്ചു. മഹാത്മാഗാന്ധിയുടെ പേര് തങ്ങളുടെ ഹൃദയത്തിലുണ്ടെന്നും, രാമരാജ്യമാണ് ഗാന്ധി വിഭാവനം ചെയ്തതെന്നും ചൗഹാൻ പറഞ്ഞു. അതേസമയം ബിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി. പുതിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരും. എംപിമാർക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100ൽ നിന്നു കുറഞ്ഞതു 125 ദിവസമാകും. നിലവിലെ നിയമത്തിൽ നിന്നു വ്യത്യസ്തമായി കേന്ദ്രാവിഷ്കൃത പദ്ധതിയെന്നതാണു ബില്ലിലെ പ്രഖ്യാപനം. അധികച്ചെലവുണ്ടായാൽ സംസ്ഥാനം വഹിക്കേണ്ടി വരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇത് ആശങ്ക നൽകുന്നതാണ്. പദ്ധതി മേൽനോട്ടത്തിൽ ഉദ്യോഗസ്ഥ പ്രാമുഖ്യത്തിനു വഴിയൊരുക്കുന്ന മാറ്റങ്ങളുമുണ്ട്.
ഇതിനിടെ ഗാന്ധിജിയുടെ പേര് ഒഴിവാക്കിയ നടപടിയിൽ പ്രതിപക്ഷ എംപിമാർ രാവിലെ പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഗാന്ധിജിയുടെ പേര് ഒഴിവാക്കുക എന്നതിലുപരി, യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതി അവസാനിപ്പിക്കാനുള്ള ആർഎസ്എസ്–ബിജെപി ഗൂഢാലോചനയാണ് പുതിയ ബില്ലിനു പിന്നിലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വിദേശ മണ്ണിൽപോയി, ഗാന്ധിജിക്കു പൂക്കൾ സമർപ്പിക്കുന്ന മോദിയെ പോലുള്ളവരുടെ നടപടിയിലെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിലാണ്. വിഷയത്തിൽ പാർലമെന്റിൽ ശക്തമായി പ്രതികരിക്കുമെന്നും ഖർഗെ പറഞ്ഞു. ഇടതു എംപിമാരുടെ നേതൃത്വത്തിലും ബില്ലിനെതിരെ രാവിലെ പാർലമെന്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

















































