തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തുടക്കം മുതൽ ഈ സെമി ഫൈനൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നു തന്നെയാണ് എൽഡിഎഫടക്കം എല്ലാ മുന്നണികളും കൊട്ടിഘോഷിച്ചത്. അതു അങ്ങനെതന്നെയാണുതാനും. അങ്ങനെ നോക്കിയാൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഈ സെമി പോരാട്ടത്തോടെ ഇടതുപക്ഷത്തിന്റെ ഉറക്കം പോവുമെന്നുറപ്പ്. കാരണം സെമിയിൽ നേട്ടമുണ്ടാക്കിയത് പ്രതിപക്ഷമായ യുഡിഎഫാണ്. അതു ചെറിയ തോതിലൊന്നുമല്ല, ഒന്നൊന്നര ലാപ് ദൂരത്തിൽ.
ഈ തെരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപറേഷനിലുമെല്ലാം യുഡിഎഫിന് വ്യക്തമായ മേൽകൈ നേടാനായിട്ടുണ്ട്. ഭരണകക്ഷിയായ എൽഡിഎഫിന് ആകെ ആശ്വസിക്കാൻ വക നൽകുന്നത് ജില്ലാ പഞ്ചായത്തുകളുടെ ഫലം മാത്രമാണ്. ആകെ 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് ഫലം. അതായത് കട്ടയ്ക്ക്, കട്ടയ്ക്കുള്ള പോരാട്ടം.
14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകളാണ് ആകെയുള്ളത്. അതിൽ ഏഴ് വീതം ജില്ലാ പഞ്ചായത്തുകളാണ് ഇരു മുന്നണികൾക്കും ഉള്ളതെങ്കിൽ വിജയിച്ച ഡിവിഷനുകളുടെ കാര്യത്തിൽ യുഡിഎഫ് ആണ് മുന്നിൽ എന്നു പറയാനാകും. 196 ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്. ഇടത് ആധിപത്യം 148 ഡിവിഷനുകളിലേക്ക് കുറഞ്ഞു. എൻഡിഎ, ആർഎംപി എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തുകളിലെ വിജയത്തിൽ എൽഡിഎഫും യുഡിഎഫും ബലാബലമാണെങ്കിലും മുൻവർഷത്തെ ഫലവുമായി തുലനം ചെയ്യുമ്പോൾ എൽഡിഎഫിന് തിരിച്ചടിയുണ്ടായി.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എടുത്തുനോക്കിയാൽ 11 ജില്ലാ പഞ്ചായത്താണ് എൽഡിഎഫ് പിടിച്ചെടുത്തത്. ശേഷിക്കുന്ന മൂന്നിടങ്ങളിൽ രണ്ടെണ്ണം യുഡിഎഫ് മത്സരിച്ച് ജയിക്കുകയും ഒരിടത്ത് ഭാഗ്യംകൊണ്ടുള്ള വിജയവുമായിരുന്നു ഉണ്ടായത്. വയനാട് ജില്ലാ പഞ്ചായത്തിൽ ഇരുമുന്നണികളും എട്ട് വീതം സീറ്റുകളിൽ വിജയിച്ചതോടെ നറുക്കെടുപ്പിലേക്ക് പോകുകയും യുഡിഎഫിന് ഭരണം ലഭിക്കുകയുമായിരുന്നു. എന്നാൽ, ഇവിടെ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിൽ വ്യക്തമായ മേൽകൈയാണ് യുഡിഎഫ് നേടിയിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 15 ഇടത്ത് എൽഡിഎഫും 13 ഡിവിഷനുകളിൽ യുഡിഎഫുമാണ് വിജയിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം നേട്ടമുണ്ടാക്കിയ എൻഡിഎയ്ക്ക് തലസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ കൈവിട്ടെന്നതും ശ്രദ്ധേയമാണ്. കൊല്ലം ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളിൽ 17 എണ്ണം എൽഡിഎഫും 10 എണ്ണത്തിൽ യുഡിഎഫുമാണ് വിജയിച്ചത്. പത്തനംതിട്ടയിലെ 17 ഡിവിഷനുകളിൽ 12 ഡിവിഷനുകൾ യുഡിഎഫ് പിടിച്ചെടുത്തു. അഞ്ച് ഡിവിഷനുകൾ മാത്രമാണ് എൽഡിഎഫിനൊപ്പം നിന്നത്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ആലപ്പുഴയിൽ ഗ്രാമപഞ്ചായത്ത് മുതൽ മുനിസിപ്പാലിറ്റി വരെ എൽഡിഎഫിന് കാലിടറിയെങ്കിലും ജില്ലാ പഞ്ചായത്തിൽ മാത്രം കാലുറപ്പിച്ച് നിൽക്കാനായി. ആകെയുള്ള 24 ഡിവിഷനുകളിൽ 16 എണ്ണം എൽഡിഎഫിനൊപ്പം എട്ടെണ്ണം യുഡിഎഫിനൊപ്പവുമാണ്. എന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിലാണ് എൽഡിഎഫിന് കനത്ത ആഘാതമുണ്ടായിരിക്കുന്നത്. കോട്ടയത്ത് ഏഴും ഇടുക്കിയിൽ മൂന്നും ഡിവിഷനിലേക്ക് എൽഡിഎഫ് കൂപ്പുകുത്തിയപ്പോൾ കോട്ടയത്ത് 16-ഉം, ഇടുക്കിയിൽ 14-ഉം ഡിവിഷനുകളിലേക്കാണ് യുഡിഎഫ് കുതിച്ചുകയറി.
ഇനി എറണാകുളം ജില്ലാ പഞ്ചായത്തെടുത്ത് നോക്കിയാൽ 28 ഡിവിഷനുകളിൽ 25 എണ്ണമാണ് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തത്. എൽഡിഎഫിനെ മൂന്ന് ഡിവിഷനുകളിൽ തളച്ചിടാനും യുഡിഎഫിന് സാധിച്ചു. തൃശ്ശൂരിൽ മേൽകൈ എൽഡിഎഫിനാണെങ്കിലും നിലമെച്ചപ്പെടുത്തിയത് യുഡിഎഫ് ആണ്. 2020-ലെ അഞ്ച് ഡിവിഷനുകളിൽ നിന്ന് ഒമ്പതായി ഉയർത്താൻ യുഡിഎഫിന് സാധിച്ചു. 21 ഡിവിഷനുകളിലാണ് എൽഡിഎഫിന് ജയിക്കാനായത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഇടതോരം ചേർന്നാണ് മുന്നേറുന്നതെങ്കിലും നേട്ടം കൊയ്തത് യുഡിഎഫാണ്. എൽഡിഎഫ് 19 ഡിവിഷനുകൾ പിടിച്ചപ്പോൾ യുഡിഎഫ് 12 എണ്ണമാണ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അമ്പേ പരാജയപ്പെട്ടുപോയി. 2020-ലെ തിരഞ്ഞെടുപ്പിൽ അഞ്ച് ഡിവിഷനിലേക്ക് വിജയിച്ച് കയറിയ എൽഡിഎഫ് ഇത്തവണ സംപൂജ്യരായി തിരിച്ചിറങ്ങി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യുഡിഎഫ് ആധിപത്യമാണ് കാണുവാൻ സാധിച്ചത്. എൽഡിഎഫിന് ഒരു ഡിവിഷൻ പോലും ലഭിക്കാത്ത സംസ്ഥാനത്തെ ഏക ജില്ലാ പഞ്ചായത്താണ് മലപ്പുറം. കോഴിക്കോട് ജില്ലാ പഞ്ചായത്തിലും യുഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. 14 സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എൽഡിഎഫ് 13 സീറ്റുകളിലേക്ക് ചുരുങ്ങി. അതുപോലെ യുഡിഎഫിന്റെ സഖ്യകക്ഷിയായ ആർഎംപിക്കും കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനിൽ വിജയം നേടാനായി.
അതേസമയം 2020-ലെ തിരഞ്ഞെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചാണ് വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചതെങ്കിൽ ഇത്തവണ യുഡിഎഫ് ഉരുക്കുകോട്ടയായി വയനാട് ജില്ലാ പഞ്ചായത്ത് മാറി. 15 സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എൽഡിഎഫ് വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ വീതമായിരുന്നു രണ്ട് മുന്നണികൾക്കും ലഭിച്ചത്. ഇടതിന്റെ ഉറച്ചമണ്ണായ കണ്ണൂരിൽ 25-ൽ 18 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ ഏഴ് ഡിവിഷനുകൾ യുഡിഎഫിന് ലഭിച്ചു.
കാസർകോട് ജില്ലാ പഞ്ചായത്ത് എടുത്തുനോക്കിയാൽ ഏകദേശം 2023-ലെ ഫലത്തിന് സമാനമാണ് 2025-ലേതും. 2020-ൽ എൽഡിഎഫ് എട്ടും യുഡിഎഫ് ഏഴും എൻഡിഎയ്ക്ക് രണ്ട് ഡിവിഷനുകളുമാണ് ലഭിച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം 18 ഡിവിഷനുകളിൽ ഒമ്പത് സീറ്റുകളിൽ എൽഡിഎഫ് ജയിച്ചപ്പോൾ എട്ട് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. 2020-ൽ രണ്ട് ഡിവിഷനുകൾ എൻഡിഎയ്ക്ക് ലഭിച്ചിരുന്നെങ്കിൽ ഇത്തവണ അത് ഒന്നായി കുറയുകയും ചെയ്തു.

















































