ചെന്നൈ: തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). പാർട്ടി അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്ന ആരുമായും ഏതുപാർട്ടിയുമായും സഖ്യമുണ്ടാക്കുമെന്ന് പാർട്ടി നേതൃയോഗം തീരുമാനിച്ചു. ഇതിനായി പുതിയ സമിതിയെ നിയോഗിച്ചു. എന്നാൽ മുന്നണി സംബന്ധിച്ച് അന്തിമ തീരുമാനം വിജയ്‌യുടേതാണെന്നാണ് അറിയുന്നത്. പനയൂരിൽ ടിവികെ ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലായിരുന്നു പാർട്ടി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഇതിനിടെ, 27 വർഷത്തോളം വിജയ്‌യുടെ പിആർഒ ആയിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ ചേർന്നു. വിജയ്‌യുടെ ഏകാധിപത്യമാണു ടിവികെയിലെന്നും പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും സെൽവകുമാർ കുറ്റപ്പെടുത്തിയാണ് പാർട്ടി വിട്ടത്.
അതേസമയം വിജയ്‌യുടെ സംസ്ഥാന പര്യടനം വീണ്ടും തുടരും. 16 ന് ഈറോഡ് പൊതുയോഗം നടത്താനാണ് ടിവികെ നീക്കം. ആദ്യം അപേക്ഷ നൽകിയ സ്ഥലത്ത് പോലീസ് അനുമതി നൽകിയില്ല. മറ്റൊരിടം കണ്ടെത്തി അറിയിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു സ്ഥലം കണ്ടെത്തി അപേക്ഷ നൽകിയിട്ടുണ്ട്.
















































