ന്യൂഡൽഹി: ഭർത്താവ് തന്നെ കറാച്ചിയിൽ ഉപേക്ഷിച്ച് ഇന്ത്യയിൽ രണ്ടാമതൊരു വിവാഹത്തിന് രഹസ്യമായി ഒരുങ്ങുകയാണെന്ന് ആരോപിച്ച് പാകിസ്താൻ സ്വദേശിനി. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നികിത നാഗ്ദേവ് എന്ന യുവതി വീഡിയോ സന്ദേശം അയച്ചു. വീഡിയോ സന്ദേശം ഇരുരാജ്യങ്ങളിലെയും സാമൂഹിക-നിയമ സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. 2020 ജനുവരി 26ന് ഹൈന്ദവ ആചാരപ്രകാരം കറാച്ചിയിൽവെച്ച് വിക്രം നാഗ്ദേവ് എന്ന പാക് വംശജനും ഇൻഡോറിൽ ദീർഘകാല വിസയിൽ താമസിക്കുന്നയാളുമായ ഒരാളെ വിവാഹം കഴിച്ചു എന്നാണ് കറാച്ചി സ്വദേശിനിയായ നികിത പറയുന്നത്.
ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 26ന് വിക്രം അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ജീവിതം താളം തെറ്റിയതായും ഇവർ പറയുന്നു. 2020 ജൂലായ് 9ന് വിസ സംബന്ധമായ സാങ്കേതിക പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് തന്നെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് തിരികെ അയച്ചുവെന്നും അവർ അവകാശപ്പെടുന്നു. തിരികെ കൊണ്ടുപോകണമെന്ന് പലയാവർത്തി ആവശ്യപ്പെട്ടിട്ടും ഭർത്താവ് അതിന് തയ്യാറായില്ലെന്നും അവർ പറയുന്നു.
തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, സ്ത്രീകൾക്ക് നീതിയിൽ വിശ്വാസം നഷ്ടപ്പെടുമെന്നും പല പെൺകുട്ടികളും അവരുടെ ഭർതൃവീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്നും തന്റെ കൂടെ നിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും നികിത പറയുന്നു. വിവാഹശേഷം ഉടൻ താൻ നേരിട്ട ഞെട്ടിപ്പിക്കുന്ന പെരുമാറ്റത്തെക്കുറിച്ചും അവർ വിവരിക്കുന്നുണ്ട്.”ഞാൻ പാകിസ്താനിൽനിന്ന് ഭർതൃഗൃഹത്തിലേക്ക് എത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണ്ണമായും മാറി. എന്റെ ഭർത്താവിന് എന്റെ ബന്ധുക്കളിൽ ഒരാളുമായി ബന്ധമുണ്ടെന്ന് ഞാൻ അറിഞ്ഞു. അക്കാര്യം ഞാൻ എന്റെ ഭർതൃപിതാവിനോട് പറഞ്ഞപ്പോൾ ‘ആൺകുട്ടികൾക്ക് ബന്ധങ്ങളുണ്ടാകും, ഒന്നും ചെയ്യാൻ കഴിയില്ല’എന്ന് അദ്ദേഹം പറഞ്ഞു”, നികിത പറയുന്നു.കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് വിക്രം അവളെ പാകിസ്താനിലേക്ക് തിരികെ പോകാൻ നിർബന്ധിച്ചെന്നും ഇപ്പോൾ തന്നെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും നികിത ആരോപിച്ചു.
“ഓരോ സ്ത്രീയും ഇന്ത്യയിൽ നീതി അർഹിക്കുന്നു,” അവർ പറഞ്ഞു.കറാച്ചിയിൽ തിരിച്ചെത്തിയപ്പോഴാണ് വിക്രം ഡൽഹിയിലെ ഒരു സ്ത്രീയുമായി രണ്ടാമതൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് നികിത കണ്ടെത്തിയത്. നികിത 2025 ജനുവരി 27ന് രേഖാമൂലം പരാതി നൽകി. ഈ കേസ് മധ്യപ്രദേശ് ഹൈക്കോടതി അംഗീകരിച്ച സിന്ധി പഞ്ചായത്ത് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസിൽ സെന്ററിന് മുന്നിൽ എത്തി. 2025 ഏപ്രിൽ 30ലെ സെന്ററിന്റെ റിപ്പോർട്ടിൽ പങ്കാളികളാരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ ഈ വിഷയം പാകിസ്താന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും വിക്രമിനെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നും ശുപാർശ ചെയ്തു.


















































