ലഖ്‌നൗ: നവവരന് റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങിക്കൊടുക്കാത്തതിൻറെ പേരിൽ വിവാഹപ്പിറ്റേന്ന് യുവതിയെ ക്രൂരമായി തല്ലി വീട്ടിൽനിന്ന് പുറത്താക്കി ഭർതൃവീട്ടുകാർ. ഉത്തർ പ്രദേശിലെ കാൺപുരിലെ ജുഹിയിലാണ് സംഭവം. ലുബ്‌ന എന്ന യുവതിയാണ് വിവാഹപ്പിറ്റേന്ന് ക്രൂര മർദനത്തിനിരയായത് .
കഴിഞ്ഞ നവംബർ 29-ാം തീയതിയാണ് മുഹമ്മദ് ഇമ്രാൻ എന്നയാളുമായി ലുബ്‌നയുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം ഇമ്രാനൊപ്പം ലുബ്‌ന, ഭർതൃവീട്ടിലെത്തി. എത്തിയ ഉടൻ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ ഉപദ്രവം തുടങ്ങി. ഭർത്താവായ ഇമ്രാനുവേണ്ടി ഒന്നും കൊണ്ടുവന്നില്ലെന്ന് കുറ്റപ്പെടുത്തുകയും റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങാൻ ആവശ്യമായ പണം വീട്ടുകാരിൽനിന്ന് ചോദിച്ചുവാങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം ഭർതൃവീട്ടിൽ എത്തിയതിന് തൊട്ടുപിന്നാലെ ഉപദ്രവം തുടങ്ങിയെന്ന് ലുബ്‌ന പറഞ്ഞു. ബുള്ളറ്റ് കൊണ്ടുവരാത്ത സ്ഥിതിക്ക് വീട്ടിൽനിന്ന് രണ്ടുലക്ഷംരൂപ കൊണ്ടുവരാനും ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. വിവാഹവേളയിൽ അണിഞ്ഞ സ്വർണവും കുടുംബം കൊടുത്ത പണവും ഭർതൃവീട്ടുകാർ കൈക്കലാക്കി. മർദിക്കുകയും വീടിന് പുറത്താക്കുകയും പണം കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തെന്നും അവർ ആരോപിച്ചു.
ഇതിനിടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് മകളെ വിവാഹം കഴിപ്പിച്ച് അയച്ചതെന്ന് ലുബ്‌നയുടെ കുടുംബം പറയുന്നു. സോഫാസെറ്റ്, ടിവി, വാഷിങ് മെഷീൻ, ഡ്രസിങ് ടേബിൾ, വാട്ടർ കൂളർ, ഡിന്നർ സെറ്റ്, വസ്ത്രങ്ങൾ, അടുക്കളയിലേക്ക് ആവശ്യമായ സ്റ്റീൽ-ചെമ്പ് പാത്രങ്ങൾ തുടങ്ങിയവ കൊടുത്തിരുന്നെന്നും കുടുംബം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇമ്രാനും കുടുംബത്തിനുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


















































