ശബരിമല: ശബരിമലയിൽ വഴിപാടിനുള്ള തേനെത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. സംഭവം ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയ ദേവസ്വം വിജിലൻസ് ഇത് അഭിഷേകത്തിന് ഉപയോഗിക്കരുതെന്നു നിർദേശിച്ചു. കൂടാതെ കരാറുകാരനു കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്നാൽ, പരിശോധനയിൽ തേനിനു ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്ക് ഉപയോഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. തുടർന്നു ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. അതേസമയം സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ഗണപതിഹോമത്തിനും എടുക്കുന്നത്. ആസിഡിന്റെ കന്നാസുകളിൽ കൊണ്ടുവന്ന തേൻ റെയ്റ്റ്കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കും.
അതേസമയം ശബരിമലയിലെ തിരക്കൊഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനനപാതയിൽ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കാനനപാതയിലൂടെ എത്തുന്ന തീർഥാടകർ മറ്റു വഴികളിലൂടെ നേരിട്ട് സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കുന്നതിനാണു ഈ നിയന്ത്രണം. കാനനപാത തിരഞ്ഞെടുക്കുന്ന തീർഥാടകരെ പരമ്പരാഗത പാതയിലൂടെ മാത്രമേ കടത്തിവിടൂ. മുക്കുഴിയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാനും തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.


















































