വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച പുലർച്ചെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, വെടിയുതിർത്തയാളെ ‘മൃഗം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ വളരെ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്.
രണ്ട് ഗാർഡുകളുടെയും ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു.”ഗുരുതരമായി പരിക്കേറ്റ് രണ്ട് വ്യത്യസ്ത ആശുപത്രികളിൽ കഴിയുന്ന രണ്ട് നാഷണൽ ഗാർഡുകളെ വെടിവെച്ച ആ മൃഗത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
എന്നിരുന്നാലും, അവൻ വലിയ വില നൽകേണ്ടിവരും,” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. “നമ്മുടെ വലിയവരായ നാഷണൽ ഗാർഡിനെയും നമ്മുടെ എല്ലാ സൈനികരെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവർ ശരിക്കും മഹാൻമാരാണ്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്!”, ട്രംപ് കൂട്ടിച്ചേർത്തു.
















































