കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഡിസംബർ 8ന് വിധി പറയും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ഒൻപത് പ്രതികളാണു വിചാരണ നേരിട്ടത്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആണ് കേസ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക. 2019 ലാണു കേസിൽ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു.
കേസിന്റെ നാൾ വഴികൾ ഇങ്ങനെ-
2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി.
2017 ഫെബ്രുവരി 18: പൾസർ സുനിയെന്ന സുനിൽകുമാറാണ് കൃത്യത്തിന് നേതൃത്വം നൽകിയതെന്ന് വ്യക്തമായി. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കണ്ടെത്തി. തുടർന്ന് കേസ് അന്വേഷിക്കാൻ ഉത്തരമേഖലാ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
2017 ഫെബ്രുവരി 19: ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പോലീസിന്റെ പിടിയിലായി. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച സിനിമാപ്രവർത്തകരുടെ കൂട്ടായ്മയിൽ പ്രതിയായ ദിലീപും പങ്കെടുത്തു.
2017 ഫെബ്രുവരി 20: പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടുനിന്നു പിടികൂടി.
2017 ഫെബ്രുവരി 23: പോലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ പൾസർ സുനിയെയും വിജീഷിനെയും കോടതിമുറിയിൽനിന്നു ബലം പ്രയോഗിച്ചു പോലീസ് അറസ്‌റ്റ് ചെയ്തു.
2017 മാർച്ച് മൂന്ന്: ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു പോലീസ് കോടതിയെ അറിയിച്ചു.
2017 ഏപ്രിൽ 18: സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു, അന്ന് കേസിൽ ആകെ ഏഴു പ്രതികൾ.
2017 ജൂൺ 25: ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്തു.
2917 ജൂൺ 28: ദിലീപ്, നാദിർഷ എന്നിവരെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു.
2017 ജൂലൈ രണ്ട്: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രമായ ജോർജേട്ടൻസ് പൂരം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി തെളിവു ലഭിച്ചു.
2017 ജൂലൈ 10: ദിലീപ് അറസ്റ്റിൽ
2017 ജൂലൈ 11: അങ്കമാലി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത‌് ആലുവ സബ് ജയിലിലാക്കി.
2017 ജൂലൈ 20: തെളിവു നശിപ്പിച്ചതിനു സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്‌റ്റിൽ.
2017 ഓഗസ്‌റ്റ് രണ്ട്: പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്‌റ്റിൽ.
2017 ഓഗസ്‌റ്റ് 15: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ദിലീപിൻ്റെ അമ്മയുടെ കത്ത്.
2017 സെപ്റ്റംബർ രണ്ട്: അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി.
2017 ഒക്ടോബർ മൂന്ന്: കർശന ഉപാധികളോടെ ദിലീപിനു ജാമ്യം.
2017 നവംബർ 15: അറസ്റ്റിലായശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെത്തുടർന്നു വീണ്ടും ചോദ്യം ചെയ്തു.
2017 നവംബർ 21: ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാൻ ദിലീപിനു ഹൈക്കോടതിയുടെ അനുമതി.
2017 നവംബർ 22: ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
2018 ജനുവരി: കേസിൽ വനിതാ ജഡ്ജി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി.
2018 ഫെബ്രുവരി 25: കേസിൽ വിചാരണ നടപടികൾക്കായി അന്നത്തെ സ്പെഷ്യൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി നിയമിച്ചു.
2020 ജനുവരി 30: കേസിൽ വിചാരണ ആരംഭിച്ചു, സാക്ഷി വിസ്താരം തുടങ്ങി. പൾസർ സുനിയും ദിലീപുമടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായി, അടച്ചിട്ട കോടതിയിൽ വിചാരണ, നടിയെ ആദ്യം വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേഷൻ ഹാജരായി, സാക്ഷി വിസ്താരത്തിനിടെ 22 സാക്ഷികൾ കൂറുമാറി.
2020 നവംബർ 20: വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി ഹൈക്കോടതി തള്ളി, പിന്നാലെ ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറി.
2021 മാർച്ച് 1 : വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി ഉത്തരവ്.
2021 ജുലൈ: കോവിഡ് പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും വിചാരണ സമയം നീട്ടി തരണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്പെഷ്യൽ ജഡ്ജ് സുപ്രീംകോടതിയിൽ കത്ത് നൽകി. ഓൺലൈൻ വിചാര പ്രായോഗികമായിരുന്നില്ല
2021 ഡിസംബർ 17: സുപ്രീംകോടതിയിൽ നൽകിയ വിടുതൽ ഹർജി ദിലീപ് പിൻവലിച്ചു. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി
2021 ഡിസംബറിൽ ദിലീപിൻറെ വീട്ടിൽവച്ച് സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാറിൻറെ മൊഴി.
2022 ജനുവരി 3: കോടതി അനുമതിയോടെ ദിലീപിനെതിരെ തുടരന്വേഷണം തുടങ്ങിയ പോലീസ് ബാലചന്ദ്ര കുമാറിൻറെ രഹസ്യമൊഴി രേഖപ്പെടുത്തി.
2022 ജനുവരി 22: അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
2022 ഫെബ്രുവരിക്കുള്ളിൽ പൂർത്തിയാക്കേണ്ട വിചാരണ വീണ്ടും മൂന്ന് മാസം നീട്ടി
2022 ജുലൈ 18: കേസിൽ മൂന്നാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി.അജകുമാർ ചുമതലയേറ്റു.
2022 ഒക്ടോബർ 22: തുടരന്വേഷണ റിപ്പോർട്ട് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിൻറെ ഭാഗമാക്കി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ദിലീപിൻറെ സുഹൃത്ത് ശരത്ത് പ്രതിയായി
2023 മാർച്ച് 24: വിചാരണ പൂർത്തിയാക്കാൻ 3 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
2023 ഓഗസ്റ്റ്: ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ.
2023 ഓഗസ്റ്റ് 21: ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
2023 ഓഗസ്റ്റ്: അവസാനം എട്ട് മാസം കൂടി നീട്ടി ചോദിച്ച് വിചാരണ കോടതി.
2024 മാർച്ച് 3: മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന വസ്തുത അന്വേഷണ റിപ്പോർട്ട്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന അതിജീവിതയുടെ അപ്പീൽ ഹൈക്കോടതി തള്ളി.
ഡിസംബർ 14 2024: രാഷ്ട്രപതിക്ക് ദയാ ഹർജി നൽകി നടി
















































