അബുജ(നൈജീരിയ): നൈജീരിയയിലെ മുസ്സ ജില്ലയിൽനിന്ന് ബോക്കോ ഹറാം തീവ്രവാദികൾ ജോലികഴിഞ്ഞ് കൃഷിയിടങ്ങളിൽനിന്ന് മടങ്ങിവരുന്നതിനിടെ കൗമാരപ്രായക്കാരായ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. വൈകുന്നേരം അഞ്ചു മണിയോടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. കൂടാതെ മഗുമേരി ഗ്രാമത്തിൽ രണ്ട് മണിക്കൂറിലധികം ആക്രമണം അഴിച്ചുവിട്ട തീവ്രവാദികൾ വീടുകളും വാഹനങ്ങളും കടകളും ഉൾപ്പെടെ ഒരു ഗ്രാമം കത്തിക്കുകയും ചെയ്തു.
”അസ്‌കിറ ഉബയിൽ കൃഷിയിടത്തിൽനിന്ന് മടങ്ങുകയായിരുന്ന പന്ത്രണ്ട് സ്ത്രീകളെ ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്നവർ തട്ടിക്കൊണ്ടുപോയി.” ബോർണോ സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ എഎസ്പി നഹും ദാസോ പറഞ്ഞു.
അതേസമയം മഗുമേരി ഗ്രാമത്തിൽ പുലർച്ചെ ഒന്നരയോടെ മോട്ടോർ സൈക്കിളുകളിലെത്തിയ തീവ്രവാദികൾ വീടുകൾക്കും മറ്റും തീയിടുന്നതിന് മുമ്പ് ആളുകളെ ഭയപ്പെടുത്തി ഓടിക്കുകയും വെടിയുതിർക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. പുലർച്ചെ മൂന്നു മണിയോടെ അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് തങ്ങുന്നുണ്ട്.
ഇതിനിടെ നൈജീരിയയിൽ സായുധസംഘങ്ങൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമണങ്ങൾ വർധിച്ചുവരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയുധധാരികളായ ഒരു സംഘം നൈജീരിയൻ തലസ്ഥാനമായ അബുജയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളിൽ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിനിടെ ചില വിദ്യാർഥികൾ രക്ഷപ്പെട്ടെങ്കിലും, 215 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ) അറിയിച്ചു. മതപരമായ ലക്ഷ്യങ്ങളോടുകൂടിയ ആക്രമണങ്ങൾ, വംശീയ/സാമുദായിക സംഘർഷങ്ങൾ എന്നിവയാൽ രാജ്യം വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ച തന്നെ നിരവധി പേരെയാണ് ഇത്തരത്തിൽ അക്രമികൾ തട്ടിക്കൊണ്ടുപോയത്.



















































