ഫറോക്ക്: എൽഡിഎഫിൽനിന്ന് കൂടുവിട്ട് യുഡിഎഫിലെത്തിയ പതിന്നാലാം ഡിവിഷൻ കൗൺസിലർ ഷനുബിയ നിയാസ് ഫറോക്ക് നഗരസഭയിൽ വിമതയായി തെരഞ്ഞെടുപ്പ് അങ്കത്തിന്. കഴിഞ്ഞവർഷമാണ് ഫറോക്ക് നഗരസഭയിലെ ആർജെഡി അംഗം രാജിവെച്ച് ഷനുബിയ മുസ്ലിംലീഗിലെത്തിയത്. ഇതിനിടെ സീറ്റ് വീതംവെക്കലിൽ ഷനുബിയയെ ഒഴിവാക്കിയതോടെ വിമതയായി മത്സരിക്കുകയാണ്.
കഴിഞ്ഞ തവണ കുന്നത്തുമൊട്ട വാർഡിൽ നിന്നായിരുന്നു ഷനുബിയ കൗൺസിലറായത്. ഇത്തവണ വാഴപ്പൊറ്റത്തറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ഇവിടെ മുസ്ലീം ലീഗിന്റെ ദിവ്യ ഗീരീഷാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. കെ.മുബീന മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുണ്ട്.
അതേസമയം ആർജെഡി വിട്ട് മുസ്ലിംലീഗിൽ ചേർന്ന ഷനൂബിയക്കെതിരേ കഴിഞ്ഞ വർഷം എൽഡിഎഫ് കൗൺസിലർമാർ പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചിരുന്നു. കൗൺസിൽ യോഗത്തിനിടെ ഷനൂബിയ നിയാസിനെ ചെരിപ്പുമാല അണിയിക്കാനാണ് എൽഡിഎഫ് അംഗങ്ങൾ ശ്രമിച്ചത്. ഇതോടെ എൽഡിഎഫ് – യുഡിഎഫ് വനിതാകൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കൈയാങ്കളിവരെയെത്തി.
രാവിലെ 10.30-ന് കൗൺസിൽ തുടങ്ങാനുള്ള ഒരുക്കത്തിനിടെ പൊടുന്നനെയായിരുന്നു എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി ഹാളിലെത്തിയത്. ഇതോടെ യുഡിഎഫ് അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ച് ചുറ്റും വലയംതീർത്തു. പക്ഷെ ഇതിനിടെ എൽഡിഎഫ് കൗൺസിലർമാർ ഒരു കവറിൽനിന്ന് ചെരിപ്പുമാല പുറത്തെടുത്ത് അണിയിക്കാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തിൽ പലർക്കും നിസാര പരുക്കേറ്റു.
അതേസമയം ഷനൂബിയ നിയാസ് കഴിഞ്ഞ വർഷം ഒക്ടോബർ 26-നാണ് മുസ്ലിംലീഗിൽ ചേർന്നത്. നവംബർ രണ്ടിന് പുലർച്ചെ ഇവരുടെ വീടിനുനേരേ കല്ലേറുണ്ടായിരുന്നു. അക്രമത്തിനുപിന്നിൽ സിപിഎം ആണെന്നാരോപിച്ച് അവർ പോലീസിൽ പരാതിയും നൽകിയിരുന്നു.


















































