തിരുവനന്തപുരം ∙ വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ രണ്ട് തവണ യുവതികളുമായി പ്രതി വഴക്കിട്ടിരുന്നുവെന്ന് സാക്ഷിയായ ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ. യുവതികൾ ഇരുന്നതിന്‍റെ എതിര്‍വശത്ത് നിന്നാണ് സുരേഷ് കുമാർ സിഗരറ്റ് വലിച്ചത്. ഇവിടെ നിന്ന് വലിക്കാൻ പാടില്ലെന്ന് യുവതികൾ പറഞ്ഞു. ഇതേ ചൊല്ലി വഴക്കുണ്ടായെന്നും ശങ്കർ പറഞ്ഞു.
വഴക്കു കഴിഞ്ഞ് 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് ആ വഴി വന്നു. സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു. യുവതികൾ പരാതിപ്പെട്ടതു കൊണ്ടാണ് ഗാര്‍ഡ് എത്തിയതെന്ന് പ്രതി വിചാരിച്ചു. ഇതേ ചൊല്ലി വീണ്ടും തര്‍ക്കമായി. തുടർന്നാണ് ശ്രീക്കുട്ടിയെ പ്രതി തള്ളിയിട്ടത്. പിന്നീട് അർച്ചനയുമായി പ്രതി വഴക്കിട്ടപ്പോൾ താൻ അങ്ങോട്ട് ചെന്നു. ആ സമയം പ്രതിയുടെ കൈയിൽ തൂങ്ങി നില്‍ക്കുകയായിരുന്നു അര്‍ച്ചന. പൊലീസ് തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ശങ്കർ പറഞ്ഞു.
കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കർ. ട്രെയിനിലെ ആക്രമണവും ശങ്കർ പാസ്വാന്റെ രക്ഷാപ്രവർത്തനവും കേരളത്തിൽ വലിയ വാർത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. അതിനാലാണ് പൊലീസിനു മുന്നിൽ ശങ്കർ വരാതിരുന്നത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കർ പാസ്വാനെ പൊലീസ് കണ്ടെത്തിയത്.



















































