കൊച്ചി: മലയാള സിനിമയ്ക്ക് തന്നെ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടിയെന്ന് നടി ഹണി റോസ്. മലയാളി സിനിമയിൽ ഞാൻ കടിച്ചുതൂങ്ങിപ്പിടിച്ചു നിൽക്കുന്ന നടിയാണെന്നും നടി. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് നായികായായെത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ട്രെയ്‌ലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയ്‌ലറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ട്രെയ്‌ലറിലെ നടിയുടെ പ്രകടനത്തെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ പ്രശംസിക്കുന്നുണ്ട്.
എന്നാൽ മലയാളസിനിമയിൽ തന്റെ സ്ഥാനത്തെക്കുറിച്ച് ആത്മപരിശോധന നടത്തുന്ന നടിയുടെ വാക്കുകൾ വൈറലാവുകയാണ്. തന്നെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ, ഇല്ലെന്നാണ് മറുപടിയെന്ന് താരം പറഞ്ഞു. താൻ കടിച്ചുതൂങ്ങിപ്പിടിച്ചു നിൽക്കുന്ന നടിയാണെന്നും ഹണി റോസ് പറഞ്ഞു. ‘റേച്ചലി’ന്റെ ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ സംസാരിക്കുകയായിരുന്നു അവർ.
‘പത്തിരുപത് വർഷമായി സിനിമാ മേഖലയിൽ. അതിന്റെ കാരണഭൂതൻ വിനയൻ സാറാണ്. അദ്ദേഹമാണ് സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. ഇതിലെങ്കിലും ഇവൾ രക്ഷപെടുമായിരിക്കും എന്നായിരിക്കും വിനയൻ സാറിന്റെ മനസിലൂടെ പോകുന്നത് എന്നാണ് ഞാൻ കരുതുന്നത്’, സദസ്സിലിരിക്കുന്ന സംവിധായകൻ വിനയനെ ചൂണ്ടി ഹണി റോസ് പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ, ഒരാവശ്യവുമില്ല. ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്. എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽനിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി പ്രാർത്ഥിക്കുന്ന ആളാണ്. അതെന്റെ വലിയൊരു പാഷൻ ആണ്’, നടി പറഞ്ഞു. ‘ചില സിനിമകൾ അങ്ങനെയാണ്, ദൈവത്തിന്റെ കൈയ്യൊപ്പുണ്ടാകുമെന്ന് നമുക്ക് തോന്നാറുണ്ട്. അങ്ങനെ തോന്നിയിട്ടുള്ള സിനിമയാണ് റേച്ചൽ’- ഹണി കൂട്ടിച്ചേർത്തു.

















































